കൊച്ചി: കാല്‍പ്പന്തുകളി പ്രേമികളെ രണ്ടര മാസത്തോളം വിരുന്നൂട്ടിയ ഐഎസ്എല്‍ മൂന്നാം സീസണിന് നാളെ സമാപനം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കിരീടത്തിനായി ഏറ്റുമുട്ടുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ മാനം നല്‍കിയ ഐഎസ്എല്‍ മൂന്നാം പതിപ്പിന് കൊടിയിറങ്ങും. മികച്ച രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ പന്തുതട്ടാനിറങ്ങുന്നത് എന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനായിരിക്കും കലാശക്കളി സാക്ഷ്യം വഹിക്കുക. ഒപ്പം അരലക്ഷത്തിലേറെ ആരാധകരും എത്തുന്നതോടെ കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രം കുറിക്കും.
ഒരു സീസണിന്റെ ഇടവേളക്ക് ശേഷം രണ്ടാം ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം. ആദ്യ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം ഹോം ഗ്രൗണ്ടിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇത്തവണയും തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റായിരുന്നു ടീമിന്റെ തുടക്കം. അവസാന മത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേരളം ഹോം ഗ്രൗണ്ടിലെ സ്വപ്‌ന ഫൈനലിലേക്ക് പ്രവേശനം നേടി. എന്നാല്‍ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പഴയ ചരിത്രം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കില്ല. 2014-ല്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-0ന് അത്‌ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെട്ട് കിരീടം അടിയറ വച്ചു. നാളത്തെ ഫൈനലില്‍ അതേ കൊല്‍ക്കത്ത തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.
ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച ഏക ടീമെന്ന പേരുമായി കൊല്‍ക്കത്ത വരുമ്പോള്‍ മധുരപ്രതികാരത്തിന് ഇതിലും വലിയൊരു അവസരം ഇനിയുണ്ടാകില്ല. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി കിരീടം കൈവിടുന്നത് ആലോചിക്കാന്‍ പോലുമാവില്ല ഹ്യൂസിനും സംഘത്തിനും.
ആദ്യ സീസണിലും ഈ സീസണിലും ഏറ്റവും മോശം തുടക്കം ലഭിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെട്ട ടീം, പിന്നീട് കൊപ്പലിന്റെ തന്ത്രങ്ങളിലും സി.കെ. വിനീതെന്ന മലയാളി സ്‌ട്രൈക്കറുടെ കരുത്തിലും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. ഈ സീസണിലെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും വരെ ആദ്യ സീസണിലേതിന് സമാനമായിരുന്നു പ്രകടനം. ആദ്യ സീസണില്‍ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി 15 പോയിന്റായിരുന്നു കേരളത്തിന്. ഇരു സീസണിലും പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിലെ ജയത്തിലൂടെയായിരുന്നു ടീം സെമി യോഗ്യത ഉറപ്പാക്കിയത്.
തീര്‍ന്നില്ല, രണ്ടു സീസണിലും ആദ്യ സെമി ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ തോറ്റു. പക്ഷേ ഭാഗ്യം കൂടെ നിന്നപ്പോള്‍ അവസാന രണ്ടില്‍ ഇടം നേടാനായി. അടിച്ച ഗോളുകളേക്കാള്‍ കൂടുതലാണ് രണ്ടു സീസണിലും വഴങ്ങിയ ഗോളുകളുടെ എണ്ണം. ഗോള്‍ വ്യത്യാസത്തിലും സമാനത, അടിച്ചതിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ വഴങ്ങി. ഒരു ജയം കൂടുതല്‍ നേടി, തോല്‍വിയുടെ എണ്ണം കുറച്ചത് മാത്രം ഏക വ്യത്യാസം.
യാദൃശ്ചികതകള്‍ ഏറെയുണ്ട് കേരള-കൊല്‍ക്കത്ത ഫൈനലിന്. ആദ്യ സീസണ്‍ ഫൈനലില്‍ പകരക്കാരനായി ഇറങ്ങി കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയ മുഹമ്മദ് റഫീഖ് ഇത്തവണ ദല്‍ഹിക്കെതിരായ രണ്ടാം പാദ സെമി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. 2014-ല്‍ കേരളത്തിനൊപ്പമായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധനിരതാരം സ്റ്റീഫന്‍ പിയേഴ്‌സണും കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ്.
2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കാന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വീന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബര്‍ട്ട് എന്നിവര്‍. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്.
ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തി
കൊച്ചി: ദല്‍ഹിക്കെതിരായ മത്സരം കഴിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ ഇന്നലെ ഫൈനല്‍ പോരാട്ടത്തിനായി കൊച്ചിയില്‍ മടങ്ങിയെത്തി. ദല്‍ഹിയില്‍നിന്ന് അഞ്ച് വിമാനങ്ങളിലായാണ് ടീം എത്തിയത്. രാവിലെ പത്തരക്കാണ് ആദ്യസംഘമെത്തിയത്, വൈകിട്ട് 7.30ന് അവസാന സംഘവുമെത്തി, ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് ടീമിന്റെ താമസം.
അത്‌ലറ്റികൊ കൊല്‍ക്കത്ത ടീമിന് മരട് ക്രൗണ്‍പ്ലാസയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ടീം ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സ് ഇന്ന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങും.
















