ജോണി ബെയര്‍സ്‌റ്റോവിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുെട ആഹ്ലാദം
ചെന്നൈ: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 284 റണ്‍സ് എന്ന നിലയില്‍. 120 റണ്‍സുമായി മോയിന്‍ അലിയും അഞ്ച് റണ്ണുമായി ബെന്‍ സ്‌റ്റോക്ക്‌സും ക്രീസില്‍. സെഞ്ചുറി നേടിയ മോയിന്‍ അലിയുടെയും അര്‍ദ്ധസെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.
കഴിഞ്ഞ ടെസ്റ്റില്‍ ഇല്ലാതിരുന്ന ഇഷാന്ത് ശര്‍മ്മയും അമിത് മിശ്രയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. പകരം കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജയന്ത് യാദവിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും പകരക്കാരായാണ് അമിതും ഇഷാന്തും എത്തിയത്.
മോശം തുടക്കത്തിനുശേഷമാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും (10) കെയ്റ്റണ്‍ ജെന്നിങ്‌സും (1) പവലിയനിലേക്ക് മടങ്ങി. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജെന്നിങ്ങ്‌സിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടിയപ്പോള്‍ കുക്കിനെ ജഡേജ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. ഇതോടെ വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും മോയിന്‍ അലിയും ചേര്‍ന്നാണ് കരകയറ്റിയത്.
146 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്‌കോര്‍ 167-ല്‍ എത്തിയപ്പോള്‍ സെഞ്ചുറി ലക്ഷ്യമാക്കി മുന്നേറുകയായിരുന്ന ജോ റൂട്ടിനെ (88) രവീന്ദ്ര ജഡേജ പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. 144 പന്തുകളില്‍ 10 ബൗണ്ടറികളടങ്ങിയതാണ് റൂട്ടിന്റെ ഇന്നിങ്ങ്‌സ്. തുടര്‍ന്നെത്തിയ ബെയര്‍സ്‌റ്റോവ് അലിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് സ്‌കേര്‍ 253-ല്‍ എത്തിച്ചു. എന്നാല്‍ 90 പന്തില്‍ മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ 49 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവിനെ ജഡേജ രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
പിന്നീട് സ്‌റ്റോക്ക്‌സിനെ കൂട്ടുപിടിച്ചാണ് മോയിന്‍ അലി കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചത്. ഇതിനിടെ മോയിന്‍ അലി സെഞ്ചുറിയും തികച്ചു. 203 പന്തുകളില്‍ 9 ബൗണ്ടറികളോടെയായിരുന്നു ശതകം. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്‌ത്തി.
സ്‌കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്
അലിസ്റ്റര്‍ കുക്ക് സി കോഹ്‌ലി ബി ജഡേജ 10, ജെന്നിങ്ങ്‌സ് സി പാര്‍ത്ഥിവ് ബി ഇഷാന്ത് 1, ജോ റൂട്ട് സി പാര്‍ത്ഥിവ് ബി ജഡേജ 88, മോയിന്‍ അലി നോട്ടൗട്ട് 120, ബെയര്‍സ്‌റ്റോവ് സി രാഹുല്‍ ബി ജഡേജ 49, ബെന്‍സ്‌റ്റോക്ക്‌സ് നോട്ടൗട്ട് 5, എക്‌സ്ട്രാസ് 11, ആകെ 90 ഓവറില്‍ നാല് വിക്കറ്റിന് 284.
വിക്കറ്റ് വീഴ്ച: 1-7, 2-21, 3-167, 4-253
ബൗളിങ്ങ്: ഉമേഷ് യാദവ് 12-1-44-0, ഇഷാന്ത് ശര്‍മ്മ 12-5-25-1, രവീന്ദ്ര ജഡേജ 28-3-73-3, ആര്‍. അശ്വിന്‍ 24-1-76-0, അമിത് മിശ്ര 13-1-52-0, കരുണ്‍ നായര്‍ 1-0-4-0.
















