മുംബൈ: ഒരിടവേളക്കു ശേഷം അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആദ്യ പാദ ജയത്തിന്റെ അകമ്പടിയില്‍ മുന്നേറ്റം. സ്‌കോര്‍: 3-2.
കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ ഡീഗൊ ഫോര്‍ലാന്റെ അഭാവം സ്വന്തം മൈതാനത്ത് മുംബൈക്ക് തിരിച്ചടിയായി. ഇടവേളക്കു ശേഷം പത്തു പേരെ വച്ച് കളിക്കേണ്ടി വന്നിട്ടും കൊല്‍ക്കത്തയുടെ പ്രതിരോധം ഭേദിക്കാന്‍ മുംബൈക്കായില്ല. 34ാം മിനിറ്റില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധ നിരയിലെ ലാല്‍തല്‍മുവാന, 43ാം മിനിറ്റില്‍ രണ്ടാം തവണയും മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും വാങ്ങി.
ഒരാളുടെ കുറവ് മുതലെടുക്കാന്‍ ഛേത്രിയും സോണി നോര്‍ദെയുമടങ്ങിയ മുന്നേറ്റത്തിനു കഴിഞ്ഞില്ല. ഇയാന്‍ ഹ്യൂമിനെയും ഹെല്‍ഡര്‍ പോസ്റ്റിഗയെയും ഒഴിവാക്കിയാണ് അത്‌ലറ്റികോ കളിച്ചത്. ബോര്‍ജയും ബല്‍വന്ത് സിങ്ങും ബെലെന്‍കോസും മുന്നേറ്റത്തില്‍ കളിച്ചു.
ആദ്യ സീസണില്‍ കിരീടവുമായി മടങ്ങിയ കൊല്‍ക്കത്ത കഴിഞ്ഞ തവണ സെമിയില്‍ തോറ്റ് മടങ്ങി. കിരീടം തിരിച്ചെടുക്കാനുള്ള അവസരമാണ് കൊല്‍ക്കത്തയ്‌ക്കിത്.
















