ഭോപ്പാല്‍: മലയാളി സംഘടനകളുടെ സ്വീകരണ പരിപാടി മുടക്കി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ‘ചതിച്ചത്’ ഭോപ്പാല്‍ പോലീസിന്റെ ഹിന്ദി. പരിപാടി നടക്കുന്ന സ്ഥലത്ത് ബജ്‌രംഗദളിന്റെ പ്രതിഷേധമുണ്ടെന്നും അവരെ നീക്കം ചെയ്യാന്‍ അല്‍പ്പസമയം ആവശ്യമുണ്ടെന്നും പോലീസ് വഴിമധ്യേ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ പരിപാടിസ്ഥലത്ത് വലിയ പ്രതിഷേധമാണെന്നും തിരികെ പോകണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നതെന്നുമാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. ഹിന്ദി പരിഭാഷകനായി പിണറായിക്കൊപ്പം ഉണ്ടായിരുന്നയാള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചില്ല. സ്ഥലത്ത് പ്രശ്‌നമാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും മടങ്ങുകയാണെന്നും പിണറായി തീരുമാനിക്കുകയായിരുന്നെന്ന് ഭോപ്പാല്‍ പോലീസ് സ്ഥിരീകരിച്ചു.
പ്രതിഷേധക്കാരെ മാറ്റാന്‍ കുറച്ച് സമയം വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് മധ്യപ്രദേശ് ഡിജിപി ആര്‍.കെ ശുക്ല പറഞ്ഞു. ലോക്കല്‍ പോലീസാണ് സുരക്ഷ ഒരുക്കിയത്. പെട്ടെന്ന് പ്രതിഷേധം ഉണ്ടായപ്പോള്‍ അത് വഴിമധ്യേ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖിനെ സിപിഎമ്മുകാര്‍ ഗുരുതരമായി വെട്ടിയ സംഭവത്തിലാണ് അന്ന് രാത്രി ഭോപ്പാലില്‍ പിണറായിയുടെ പരിപാടിസ്ഥലത്ത് ബജ്‌രംഗദളിന്റെ പ്രതിഷേധം നടന്നത്. മുന്‍കൂട്ടി അറിയിച്ചുള്ള പ്രതിഷേധമല്ലാത്തതിനാല്‍ മഹിളാ അസോസിയേഷന്‍ പരിപാടി സ്ഥലത്തുനിന്നും മലയാളി സംഘടനകളുടെ പരിപാടി നടക്കുന്നിടത്തേക്കുള്ള വഴിമധ്യേയാണ് പ്രതിഷേധ വിവരം പോലീസ് അറിയുന്നത്. ഇക്കാര്യം ഉടന്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. യാത്ര അല്‍പ്പം വൈകിക്കണമെന്നും പ്രതിഷേധക്കാരെ മുഴുവനും അവിടെ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പോലീസിന്റെ സന്ദേശം. എന്നാല്‍ പ്രതിഷേധം ശക്തമായതിനാല്‍ ഇപ്പോള്‍ പോകാനാവില്ലെന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. അങ്ങനെയെങ്കില്‍ അവിടേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി തന്നെ തീരുമാനിച്ചു മടങ്ങി.
കേരളാ മുഖ്യമന്ത്രി പരിപാടി ഉപേക്ഷിച്ചതറിഞ്ഞയുടന്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പിണറായിയെ നേരിട്ട് ഫോണില്‍ വിളിച്ച് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഡിജിപിയും മുഖ്യമന്ത്രിയെ വിളിച്ചു ഖേദപ്രകടനം നടത്തി. ജില്ലാ കളക്ടര്‍, ഡിഐജി എന്നിവര്‍ നേരിട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഔദ്യോഗികമായി മാപ്പ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി സംഭവത്തെ രാഷ്‌ട്രീയമായി ചിത്രീകരിച്ചതാണ് ഇത്ര വിവാദമുയരാന്‍ കാരണം. ഇതിനു പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇടത് അനുഭാവികള്‍ അസഭ്യവര്‍ഷങ്ങള്‍ നടത്തി പോസ്റ്റുകളിട്ടതും വലിയ വിവാദമായി.
















