കൊച്ചി: പ്രാഥിമിക റൗണ്ടി ലെ അവസാന ലീഗ് മത്സരത്തില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ അണിനിരത്തിയത്. ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന് പകരം സന്ദീപ് നന്ദി തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഹോസു പ്രതിരോധത്തിലും, ഒരു മത്സരത്തിലെ സസ്‌പെന്‍ഷനുശേഷം മെഹ്താബ് ഹുസൈന്‍ മധ്യനിരയിലും തിരിച്ചെത്തിയപ്പോള്‍ റിനോ ആന്റോയും ഇഷ്ഫഖ് അഹമ്മദും സൈഡ് ബെഞ്ചിലേക്ക് മാറി.
അവസാന മത്സരത്തിന് മുമ്പു തന്നെ സെമിയില്‍ ഇടംപിടിച്ചതിനാല്‍ ദല്‍ഹി, മുംബൈക്കെതിരായ കളിയില്‍ ഇറങ്ങിയ ടീമിനെ അടിമുടി അഴിച്ചുപണിതു. കഴിഞ്ഞ കളിയിലെ നാല് പേര്‍ മാത്രമാണ് ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. പ്രതിരോധത്തില്‍ ഡേവിഡ് ആഡി, ഇബ്രാഹിമ നിയാസേ; മധ്യനിരയില്‍ ബ്രുണോ പെലിസാറി, ആല്‍വിന്‍ ജോര്‍ജ്, മൗറ, മെയ്‌സാംസുല; മുന്നേറ്റത്തില്‍ ബദ്ര ബാജി എന്നിവരെ സൈഡ് ബെഞ്ചിലേക്ക് മാറ്റി.
ചിങ്ഗ്ലന്‍സിനാ കൊന്‍ഷാം, കീന്‍ ലൂയിസ്, ഗോള്‍കീപ്പര്‍ ഡൊബ്ലാസ്, പ്രതിരോധത്തില്‍ സൗവിക് ചക്രവര്‍ത്തി എന്നിവര്‍ മാത്രമാണ് ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, റൂബന്‍ ഗൊണ്‍സാലസ്; മുന്നേറ്റത്തില്‍ മാഴ്‌സെലീഞ്ഞോ, റിച്ചാര്‍ഡ് ഗാഡ്‌സെ; മധ്യനിരയില്‍ സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദ, ടെബാര്‍, മിലന്‍ സിങ് എന്നിവര്‍ തിരിച്ചെത്തി.
















