പാനൂര്‍: മൊകേരി വള്ള്യായിയിലെ നടമ്മലില്‍ ബോംബ് സ്‌ഫോടനത്തില്‍ വളര്‍ത്തു പൂച്ച കൊല്ലപ്പെട്ടു. കാലത്ത് 6 മണിയോടെയാണ് സംഭവം. നടമ്മലിലെ കുനിയില്‍ മജീദിന്റെ വീട്ടിനു മുന്നിലെ ഓവുചാലില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വളര്‍ത്തു പൂച്ച സാധാരണ ഓടിക്കളിക്കവേ ബോംബ് തട്ടി താഴേക്ക് വീണതാവാനാണ് സാധ്യത. ഉഗ്രസ്‌ഫോടകശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിയത്. ബോംബിന്റ അവശിഷ്ടങ്ങള്‍ പറമ്പിലും വീട്ടുമുറ്റത്തും ചിതറിത്തെറിച്ചിട്ടുണ്ട്.
പാനൂര്‍ സി.ഐ കെ.എസ്.ഷാജി, എസ്.ഐ കെ.വി നിഷാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മേഖലയില്‍ പൊലീസ് റെയ്ഡ് നടത്തി.
നേരത്തെ പഴയ സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തിയിരുന്ന അമാവാസി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നുവെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നത് പാനൂര്‍ മേഖലയില്‍ ഇതാദ്യമാണെന്ന് പറയപ്പെടുന്നു. പൊലീസ് സമഗ്രമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
















