ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പരിശീലനത്തിനിടെ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തേടി ഇന്ത്യ ഇന്ന് മുംബൈയിലെ വാംഖ്‌ഡെയില്‍. അഞ്ചു മത്സര പരമ്പരയിലെ നാലാം പോരാട്ടത്തിനാണ് ടീമുകള്‍ കച്ചമുറുക്കുന്നത്. ആദ്യത്തേതു സമനിലയില്‍ കലാശിച്ചപ്പോള്‍, അടുത്തതു രണ്ടും ജയിച്ചാണ് ഇന്ത്യ പരമ്പര തോല്‍ക്കില്ലെന്നുറപ്പാക്കിയത്.
പരിക്കിന്റെ ആധികളുണ്ട് ആതിഥേയര്‍ക്ക്. മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുടെ പരിക്കാണ് പുതിയ തലവേദന. നെറ്റ്‌സില്‍ പ്രാക്റ്റീസിനെ കൈവിരലിനു പരിക്കേറ്റു താരത്തിന്. ഇതോടെ, ശേഷിക്കുന്ന രണ്ട് ടെസ്റ്റിന് കര്‍ണാടക ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തി. മൊഹാലിയില്‍ പരിക്കിന്റെ നിഴലില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷാമിയും ഇന്ന് കളിക്കാനിടയില്ല. രാവിലെയെ ഷാമിയുടെ കാര്യത്തില്‍ തീരുമാനമാകു. പകരക്കാരനായി മുംബൈ പേസര്‍ ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. എന്നാല്‍, ഷാമി കളിച്ചില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാറാകും അവസാന പതിനൊന്നിലെത്തുക.
പരിക്കേറ്റ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ തിരിച്ചെത്തും. ഇദ്ദേഹം വിജയ്‌ക്കൊപ്പം ഇന്നിങ്‌സ് തുറക്കുമെന്ന് നായകന്‍ വിരാടും പരിശീലകന്‍ കുംബ്ലെയും സൂചിപ്പിച്ചു. അജിങ്ക്യയ്‌ക്കു പകരം കരുണ്‍ നായരാകും കളിക്കുക. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഒരവസരം കൂടി അദ്ദേഹത്തിനു നല്‍കും. അങ്ങനെയെങ്കില്‍ മനീഷിന് ടെസ്റ്റ് അരങ്ങേറ്റത്തിന് കാത്തിരിക്കണം. വൃദ്ധിമാന്‍ സാഹ പരിക്കില്‍ നിന്ന് മുക്തനല്ലാത്തതിനാല്‍ പാര്‍ഥിവ് പട്ടേല്‍ തന്നെ വിക്കറ്റിനു പിന്നിലെത്തും. അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് സ്പിന്‍ ത്രയവും ഉമേഷ് യാദവും ബൗളിങ്ങിലുണ്ടാകും. വിരാടിന് മുംബൈയില്‍ ഒരു നാഴികക്കല്ല് മുന്നില്‍. ടെസ്റ്റില്‍ വേഗത്തില്‍ 4,000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിക്ക് 41 റണ്‍സ് അകലെയാണ് ഇന്ത്യന്‍ നായകന്‍.
ഹമീദ് ഹസീബിനു പകരമെത്തിയ ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിന്റെ അരങ്ങേറ്റത്തിനു മുംബൈ വേദിയായേക്കും. ജെന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കി. ജോ റൂട്ട്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റൗ, ജോസ് ബട്‌ലര്‍ തുടങ്ങിയവര്‍ ബാറ്റിങ് നിരയിലുണ്ടാകും. ഓള്‍റൗണ്ടറുടെ റോളില്‍ ബെന്‍ സ്റ്റോക്‌സ്. ജയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരും ബൗളിങ് നിരയില്‍. സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവരിലൊരാളും ഇടം കണ്ടെത്തിയേക്കും. ഇവര്‍ക്കു പകരം മൂന്നാമതൊരു സ്പിന്നറെ പരീക്ഷിക്കാനും സാധ്യത.
മൂന്നാം ദിവസം മുതല്‍ സ്പിന്നര്‍മാരെ തുണയ്‌ക്കും വാംഖ്‌ഡെയിലെ കളിത്തട്ട്. ആദ്യ ദിനങ്ങളില്‍ ബാറ്റ്‌സ്മാനും ബൗളര്‍മാര്‍ക്കും സഹായകം. വാംഖ്‌ഡെയിലെ അവസാന രണ്ട് കളികളില്‍ ജയിച്ചുവെന്നതാണ് ഇംഗ്ലണ്ടിനെ മോഹിപ്പിക്കുന്നത്. ഇന്ത്യയാകട്ടെ ഇവിടെ 10 കളികളില്‍ ജയം കണ്ടു.
















