ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവിലാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടിയത്. ഗ്ലാമര്‍ ഇനങ്ങളായ 200 മീറ്റര്‍ മത്സരങ്ങള്‍ക്ക് മുമ്പ് ഒന്നാമതായിരുന്ന എറണാകുളത്തെ, 800 മീറ്ററിലും പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും നടത്തിയ സ്വര്‍ണ്ണക്കുതിപ്പിലൂടെയാണ് പാലക്കാട് മറികടന്നത്. കഴിഞ്ഞ ദിവസം ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയിലെ ഫൗളിന്റെ പേരില്‍ എറണാകുളത്തിന്റെ ഒന്നാം സ്ഥാനം ടെക്‌നിക്കല്‍ കമ്മറ്റി തിരിച്ചെടുത്തതും പാലക്കാടിന് ഗുണമായി.
അവസാന ദിനമായ ഇന്നലെ മത്സരങ്ങള്‍ ആരംഭിക്കും മുന്‍പ് എറണാകുളത്തിന് 207, പാലക്കാടിന് 193 പോയിന്റ്. ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എറണാകുളത്തിന് 227, പാലക്കാട് 218 എന്നതായിരുന്നു നില. എന്നാല്‍, പാലക്കാടിന്റെ ചുണക്കുട്ടികള്‍ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കല്ലടിയുടെ മുഹമ്മദ് അജ്മലും പെണ്‍കുട്ടികളില്‍ കല്ലടിയുടെ തന്നെ അഞ്ജലി ജോണ്‍സണും വിജയപിഠമേറിയതോടെ പാലക്കാടിന്റെ പോയിന്റ് 228 ആയി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പി.എസ്. അഖില്‍ വെള്ളിയണിഞ്ഞതോടെ അവരുടെ സമ്പാദ്യം 232 ആയി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റില്‍ എറണാകുളം വെള്ളി നേടി ഒപ്പത്തിനൊപ്പമായി. അതിനിടെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എ. അജിത്തും അനസും ഒന്നും രണ്ടും സ്ഥാനെത്തത്തിയതോടെ പാലക്കാട്ടുകാര്‍ക്ക് 240 പോയിന്റായി. എറണാകുളത്തിന് 232ഉം.
എട്ട് പോയിന്റ് ലീഡിന്റെ ആവേശത്തിലാണ് ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ പോരാട്ടങ്ങള്‍ അരങ്ങേറിയത്. കല്ലടിയുടെ അഭിമാന താരം സി. ചാന്ദിനി സ്വര്‍ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ എണാകുളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. ഇതോടെ പാലക്കാട് 245 പോയിന്റുമായി ലീഡുയര്‍ത്തി. എന്നാല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടി എറണാകുളത്തിന് അഞ്ച് പോയിന്റ് കൂടി നേടിക്കൊടുത്തു. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കിട്ടിയ വകയില്‍ പാലക്കാടിന് 249 പോയിന്റായി. എറണാകുളത്തിന് 237.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് പത്ത് പോയന്റ് കിട്ടുന്നതിനാല്‍ പാലക്കാട് കിരീടമുറപ്പിച്ചിരുന്നില്ല. എന്നാല്‍, പെണ്‍കുട്ടികളില്‍ എറണാകുളത്തിനായി ഇറങ്ങേണ്ടിയിരുന്ന മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ രണ്ട് താരങ്ങള്‍ പരിക്ക് കാരണം പിന്മാറിയതോടെ പാലക്കാടന്‍ ക്യാമ്പില്‍ ആഹ്ലാദം അലയടിച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാടിന് ഓവറോള്‍ കിരീടം സ്വന്തം. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളം ഒന്നാമതും പാലക്കാട് രണ്ടാമതുമായതോടെ പാലക്കാടിന് 255, എറണാകുളത്തിന് 247 പോയിന്റായി.
















