നടത്ത മത്സരത്തില്‍ പാലക്കാടിന്റെ സമ്പൂര്‍ണ ആധിപത്യം. മൂന്ന് പ്രായ വിഭാഗങ്ങളിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ കരുത്തിന്റെ പ്രതീകങ്ങളായ കല്ലടി, മുണ്ടൂര്‍, പറളി സ്‌കൂളുകള്‍ പങ്കിട്ടു.
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്ററില്‍ മീറ്റ് റെക്കോഡോടെ പറളിയുടെ എ. അനീഷും സി.ടി. നിതീഷും സ്വര്‍ണവും വെള്ളിയും നേടി. അനീഷ് 21:50.30 സെക്കന്‍ഡില്‍ നടന്നെത്തിയപ്പോള്‍, നിതീഷ് 21:53.59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 2007-ല്‍ പറളിയുടെ തന്നെ ഷിഹാബുദ്ദീന്‍. എം സ്ഥാപിച്ച 21:57.00 സെക്കന്‍ഡാണ് പഴങ്കഥയായത്. തിരുവനന്തപുരം സായിയുടെ പി. പ്രകാശ് വെങ്കലം നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ മുണ്ടൂര്‍ എച്ച്എസിലെ സി.കെ. ശ്രീജയും വൈദേഹി. എസുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. 24:56.92 സെക്കന്‍ഡിലാണ് ശ്രീജ നടത്തം പൂര്‍ത്തിയാക്കിയത്. 25:00.41 സെക്കന്‍ഡില്‍ വൈദേഹിയുടെ ഫിനിഷ്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ കെ.ആര്‍. സുജിത വെങ്കലം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്ററില്‍ ദേശീയ റെക്കോഡിനേക്കാളും മികച്ച പ്രകടനം നടത്തി കല്ലടി എച്ച്എസിലെ സാന്ദ്ര സുരേന്ദ്രന്‍ പൊന്നണിഞ്ഞു, 14:18.51 സെക്കന്‍ഡ്. കൂട്ടുകാരി കെ. അക്ഷയ വെള്ളി നേടി. 14:45.53 സെക്കന്‍ഡിലാണ് അക്ഷയ നടത്തം പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ ആര്‍. ആരതി (15:00.16 സെ.) വെങ്കലവും നേടി.
















