തേഞ്ഞിപ്പലം: പാലക്കാട് കല്ലടി സ്‌കൂളിന്റെ സി. ബബിതക്ക് റെക്കോര്‍ഡ് ഡബിള്‍. ആദ്യ ദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ച സമയത്തോടെ പൊന്നണിഞ്ഞ ബബിത ഇന്നലെ 1500 മീറ്ററിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. 4 മിനിറ്റ് 26.58 സെക്കന്റിലാണ് ബബിത ഇന്നലെ ഓടിത്തീര്‍ത്തത്. ഇതോടെ 2013-ല്‍ പാലക്കാടിന്റെ തന്നെ പി.യു. ചിത്ര സ്ഥാപിച്ച 4:26.76 സെക്കന്റ് പഴങ്കഥ.
ഉഷ സ്‌കൂളിന്റെ അബിത മേരി മാനുവലിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് ബബിത സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. ആദ്യ ലാപ്പുമുതല്‍ ഒപ്പത്തിനൊപ്പം ബബിതയും അബിതയും ഓടി. എന്നാല്‍ അവസാന ലാപ്പിലേക്ക് കടന്ന മത്സരത്തില്‍ അവസാന 200 മീറ്ററിലെ മികച്ച കുതിപ്പ് ബബിതക്ക് റെക്കോര്‍ഡ് സ്വര്‍ണ്ണം സമ്മാനിച്ചു. ബബിതയേക്കാള്‍ രണ്ട് സെക്കന്റോളം കൂടുതല്‍ എടുത്തണ് ഉഷയുടെ വത്സലശിഷ്യ അബിത ഫിനിഷ് ലൈന്‍ കടന്നത്. 4:28.74 സെക്കന്റാണ് അബിതയുടെ സമയം. കഴിഞ്ഞ ദിവസം 5000 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍തമ്പി 4:39.37 സെക്കന്റില്‍ വെങ്കലം നേടി.
സ്‌കൂള്‍ കായികോത്സവത്തിലെ എട്ടാം സ്വര്‍ണമാണ് ബബിത നേടിയെടുത്തത്. സബ്ജൂനിയര്‍ തലത്തില്‍ 400, 600 വിഭാഗങ്ങളില്‍ തുടങ്ങിയ മികവ് മധ്യ ദീര്‍ഘദൂരയിനങ്ങളിലേക്ക് പറിച്ചുനട്ടത് പരിശീലകന്‍ രാമചന്ദ്രന്‍. 2011 മുതല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനുവേണ്ടിയിറങ്ങി നേടിയത് ഒരുപിടി മെഡലുകള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലും ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും 800 മീറ്ററില്‍ വെങ്കലം നേട്ടം.
കൊളംബിയയിലെ കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസില്‍ രാജ്യത്തിനുവേണ്ടിയും ഈ പാലക്കാട്ടുകാരി ട്രാക്കിലിറങ്ങി. തേഞ്ഞിപ്പലത്ത് 800 മീറ്ററിലും ബബിത മത്സരിക്കാനിറങ്ങും. എന്നാല്‍ ഇതില്‍ സ്വര്‍ണ്ണപ്രതീക്ഷയില്ലെന്ന് ഇന്നലത്തെ റെക്കോര്‍ഡ് പ്രകടനത്തിനുശേഷം ബബിത പറഞ്ഞു. എങ്കിലും തന്റെ ഏറ്റവുംമികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ബബിത കൂട്ടിച്ചേര്‍ത്തു. വാണിയംകുളം ചുക്കന്‍മാര്‍തൊടി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ബബിത.
















