തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ആദ്യ ദിനം മെഡല്‍ പട്ടികയില്‍ അട്ടപ്പാടിക്കും ഇടം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ വെള്ളി നേടിയ എം. സുനിലാണ് അട്ടപ്പാടി വനവാസി മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി മെഡല്‍ എത്തിച്ചത്.
ഹൈജമ്പില്‍ 1.60 മീറ്റര്‍ ഉയരം മറികടന്ന് സുനിലിന്റെ വെള്ളി നേട്ടം. അട്ടപ്പാടി തടിക്കുണ്ട് കോളനിയിലെ കൂലിപ്പണിക്കാരായ മാണിക്യന്‍-ശോഭ ദമ്പതികളുടെ മകനാണ് സുനില്‍. സുധീഷ് സഹോദരന്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സുനില്‍ നടത്തിയത്. 1.55 മീറ്ററായിരുന്നു മുന്‍പത്തെ മികച്ച പ്രകടനം. ഇന്നലെ മറികടന്നത് 1.60 മീറ്റര്‍. പിന്നീട് ക്രോസ്ബാര്‍ 1.62 മീറ്ററിലേക്ക് ഉയര്‍ത്തിയപ്പോള്‍, മൂന്ന് ശ്രമവും പാഴായി.
സാങ്കേതിക മികവോടെ പരിശീലനം ലഭിച്ചാല്‍ ഭാവിയില്‍ മികച്ച ഉയരം കീഴടക്കാന്‍ സുനിലിന് കഴിയുമെന്ന് പരിശീലകന്‍ അരുണ്‍ പറയുന്നു. മലമ്പുഴ ആശ്രം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുനില്‍.
ഇനി 100 മീറ്ററിലും സുനില്‍ ട്രാക്കിലിറങ്ങും. അട്ടപ്പാടിയില്‍ നിന്ന് ആദ്യമായി സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കുന്ന വ്യക്തി താനാണെന്നു പറഞ്ഞ സുനില്‍ ബേബി, വിനോദ് എന്നിവര്‍ കൂടി ഇവിടെ മത്സരിക്കാനിറങ്ങുന്നുണ്ടെന്നും പറഞ്ഞു.
പതിറ്റാണ്ടിന്റെ റെക്കോഡ് മറികടന്ന് മേഘ
തേഞ്ഞിപ്പലം: മേഘയ്‌ക്ക് മുന്നില്‍ തകര്‍ന്നത് 11 വര്‍ഷം പഴക്കമുള്ള റെക്കോഡ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലാണ് തിരുവനന്തപുരം സായിയുടെ മിന്നും താരമായ മേഘ മറിയം മാത്യു 2005ലെ റെക്കോഡ് തകര്‍ത്തത്. 11.95 മീറ്റര്‍ ദൂരത്തേക്ക് മേഘയുടെ കയ്യില്‍ നിന്ന് ഷോട്ട് പറന്നപ്പോള്‍ പഴങ്കഥയായത് കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ ജെ. ശരണ്യയുടെ റെക്കോഡ്. സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ മേഘയുടെ നാലാം സ്വര്‍ണമാണിത്.
ദേശീയ റെക്കോഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെത്തിയ മേഘക്ക് തലേന്ന് രാത്രിയിലെ മഴയും പുലര്‍ച്ചെയുള്ള കനത്ത മഞ്ഞും തിരിച്ചടിയായി.
നാലു വര്‍ഷമായി സായിയുടെ താരമായ മേഘ മത്സരിച്ച ആദ്യ മീറ്റില്‍ തന്നെ സ്വര്‍ണം നേടി. സബ്ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടിലായിരുന്നു മേഘയുടെ ആദ്യ സ്വര്‍ണ നേട്ടം.
തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനായായ മേഘ നാലു വര്‍ഷമായി തിരുവനന്തപുരം സായി അക്കാദമായിലാണ് പരിശീലനം നടത്തിവരുന്നത്. എം.ബി. സത്യാനന്ദനാണ് പരിശീലകന്‍. വീരപ്പള്ളി ഇളമ്പില്‍ സങ്കീര്‍ത്തനത്തില്‍ ജോണ്‍ മാത്യൂവിന്റെയും ജോളി മാത്യുവിന്റെയും മകളാണ്.
ദുരിതക്കയത്തില്‍ നിന്ന് തങ്കത്തിളക്കം
തേഞ്ഞിപ്പലം: ഒറ്റലാപ്പില്‍ സ്വര്‍ണം നേടിയിട്ടും അനന്തുവിന്റെ സങ്കടങ്ങള്‍ക്ക് അറുതിയില്ല. പരിതാപകരമായ അവസ്ഥയില്‍ നിന്ന് ട്രാക്കിലെത്തി ഇന്നലെ 400 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേടിയ പൊന്നിന് തനി തങ്കത്തിളക്കം. 49.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥി അനന്തു വിജയന്‍ സ്വര്‍ണം നേടിയത്.
സ്‌കൂള്‍ മീറ്റിലെ അനന്തുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. നേട്ടം അച്ഛനു സമര്‍പ്പിക്കുന്നതായി അനന്തു പറഞ്ഞു. 200 മീറ്ററിലും മത്സരിക്കുന്നു. 2024 ലെ ഒളിംപിക്സ് ലക്ഷ്യമിട്ടാണ് അനന്തുവിനെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലകന്‍ അനീഷ്. മികച്ചൊരു അത്ലറ്റാവുക. നല്ലൊരു ജോലി സമ്പാദിക്കുക. അച്ഛന്റെ ചികിത്സയ്‌ക്കായി വാങ്ങി കൂട്ടിയ കടങ്ങള്‍ വീട്ടുക. അങ്ങനെ വലിയ വലിയ ലക്ഷ്യങ്ങളാണ് അനന്തുവിന്റെ മുന്നില്‍.
അച്ഛന്‍ സി.കെ. വിജയന് രണ്ട് കണ്ണുകളുടെയും കാഴ്ചനഷ്ടപ്പെട്ട് പണിക്ക് പോകാന്‍ കഴിയാതെ വന്നതോടെ പഠിത്തം അവസാനിപ്പിക്കേണ്ട ഗതികേടിലായി താരം. പിന്നീട് അനീഷ് തോമസാണ് സ്വന്തം വീട്ടില്‍ നിര്‍ത്തി അനന്തുവിനെ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ ചേര്‍ത്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്തു. സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെ സഹായത്തോടെ പഠനചെലവുകള്‍ നടക്കുന്നത്.
പത്തനംതിട്ട പുല്ലാട് അനന്തു നിവാസില്‍ സി.കെ. വിജയന്‍ – ജയശ്രീ ദമ്പതികളുടെ മകനാണ് അനന്തു. രണ്ടു വര്‍ഷം മുന്‍പാണ് വിജയന്റെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായത്. രക്തസമ്മര്‍ദ്ദം കൂടി കണ്ണുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ശസ്ത്രക്രിയ നടത്തിയാലും കാഴ്ച തിരിച്ചു കിട്ടുമെന്നതില്‍ ചികിത്സകര്‍ക്ക് ഉറപ്പു നല്‍കാനായില്ല. ചികിത്സയ്‌ക്കായി ആകെയുള്ള സമ്പാദ്യമായ മൂന്ന് സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി. വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയില്‍. ജയശ്രീ ഒരു തുണിക്കടയില്‍ ജോലിക്കാരിയാണ്.
















