ന്യൂദൽഹി: അമേരിക്കയിൽ നിന്ന് 5000 കോടിയുടെ പീരങ്കി വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഭാരം കുറഞ്ഞ എം777 ഗണത്തിൽപ്പെട്ട 145 പീരങ്കികൾ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. മലമുകളിൽ നിന്നു ആക്രമിക്കാൻ ഏറെ സഹായിക്കുന്ന ഈ പീരങ്കികൾ ചൈനീസ് അതിർത്തിയെ ലക്ഷ്യമിട്ടാണ് ഇന്ത്യ വാങ്ങുന്നതെന്നാണ് വിവരം.
ചൈന അതിർത്തിയിൽ, അരുണാചൽ പ്രദേശിലും ലഡാക്കിലും വിന്യസിക്കുന്നതിന് എം777 പീരങ്കികൾക്കായി ഇന്ത്യ നേരത്തേ അമേരിക്കയ്‌ക്ക് താത്പര്യപത്രം നൽകിയിരുന്നു. ഇതിനു മറുപടിയായി അമേരിക്ക വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കത്ത് ജൂണിൽ ഇന്ത്യക്ക് കൈമാറി. ഇതിനാണ് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയത്.
ദൽഹിയിൽ നടന്ന, ഇന്ത്യ-യുഎസ് സൈനിക സഹകരണം സംബന്ധിച്ച യോഗത്തിലാണ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. 25 പീരങ്കികൾ നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിൽ ഇന്ത്യയിലെത്തും. ബാക്കി മഹീന്ദ്രയുമായി ചേരർന്ന് ഇന്ത്യയിൽ കൂട്ടിച്ചേർക്കും. ആദ്യ രണ്ട് പീരങ്കികൾ അന്തിമ കരാർ ഒപ്പുെവച്ച് ആറു മാസത്തിനകം ഇന്ത്യയിലെത്തിക്കും. പിന്നീട് മാസത്തിൽ രണ്ടെണ്ണം വീതമായിരിക്കും കൊണ്ടുവരിക.
















