കൊല്‍ക്കത്ത: ഐഎസ്എല്ലിലെ സെമിഫൈനല്‍ പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്‌സ് കാത്തു. നിര്‍ണായക മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ പിടിച്ചുകെട്ടി ബ്ലാസ്റ്റേഴ്‌സ് (1-1). സമനില കൊല്‍ക്കത്തയ്‌ക്ക് സെമി ഉറപ്പാക്കി. രണ്ടാമതുള്ള ദല്‍ഹി ഡൈനാമോസും അവസാന നാലിലിടം നേടി.
എട്ടാം മിനിറ്റില്‍ സി.കെ. വിനീതിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെ പത്ത് മിനിറ്റിനു ശേഷം സ്റ്റീഫന്‍ പിയേഴ്‌സണിലൂടെ തളച്ചു കൊല്‍ക്കത്ത. ഒരു കളി ശേഷിക്കെ 19 പോയിന്റായി കൊല്‍ക്കത്തയ്‌ക്കും ബ്ലാസ്റ്റേഴ്‌സിനും. ഗോള്‍ ശരാശരിയില്‍ കൊല്‍ക്കത്ത മൂന്നാമത്. ഞായറാഴ്ച കൊച്ചിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കിയാല്‍ സെമി ഉറപ്പാക്കാം ബ്ലാസ്റ്റേഴ്‌സിന്.
അതേസമയം, ബുധനാഴ്ച ഗുവാഹത്തിയില്‍ ദല്‍ഹിയെ നേരിടുന്ന നോര്‍ത്ത് ഈസ്റ്റിനും ജയം അനിവാര്യമാണ്. ദല്‍ഹിയോട് അവര്‍ തോറ്റാല്‍ അവസാന മത്സരത്തിനു കാത്തുനില്‍ക്കാതെ തന്നെ ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരഫലം നിലവിലെ ജേതാക്കള്‍ ചെന്നൈയിന്റെയും പൂനെ സിറ്റി എഫ്‌സിയുടെയും സെമി മോഹങ്ങള്‍ അവസാനിപ്പിച്ചു. അവസാന കളിയില്‍ ജയിച്ചാല്‍ പോലും ആദ്യ നാലിലൊന്നാകില്ല ഇവര്‍. എഫ്‌സി ഗോവ നേരത്തെ പുറത്തായിരുന്നു.
















