ഹവാന: അമേരിക്കന്‍ എയര്‍ലൈന്‍സ് ഹവാനയിലേക്കുളള സര്‍വീസ് പുനഃസ്ഥാപിച്ചു. അമ്പത് വര്‍ഷത്തിന് ശേഷമാണിത്.
രാജ്യതലസ്ഥാനം തങ്ങളുടെ പ്രിയനേതാവിന് കണ്ണീരോടെ വിട നല്‍കുമ്പോള്‍ മാറിയ കാലത്തിന്റെ അടയാളപ്പെടുത്തലായാണ് സര്‍വീസ് വീണ്ടും തുടങ്ങിയത്.
മിയാമിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജോസ്മാര്‍ത്തി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. അമ്പത് വര്‍ഷത്തിന് മുമ്പ് നിത്യവും ഹവാനയിലേക്ക് വാണിജ്യ സര്‍വീസ് നടത്തിയിരുന്നു. ഇത് ചരിത്രപരമാണെന്നും ഈ സര്‍വീസുകള്‍ ദീര്‍ഘകാലം തുടരുമെന്ന് കരുതുന്നുവെന്നും ഒരു അമേരിക്കന്‍ യാത്രക്കാരന്‍ പറഞ്ഞു.
തൊട്ടുപിന്നാലെ തന്നെ ജെറ്റ് ബ്ലൂ എയര്‍വെയ്‌സ് വിമാനവും ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലെത്തി. ശീതയുദ്ധകാലത്തെ ഇരുശത്രുക്കളും തമ്മിലുളള വിമാന സര്‍വീസുകള്‍ ആഗസ്റ്റില്‍ തന്നെ പുനഃസ്ഥാപിച്ചു. 2014 ഡിസംബറില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവുമുണ്ടായിരുന്നു. എന്നാല്‍ ഹവാനയിലേക്ക് ആദ്യമായാണ് അമേരിക്കന്‍ വിമാനമെത്തുന്നത്.
വിമാനങ്ങള്‍ ക്യൂബന്‍ മണ്ണിലിറങ്ങുമ്പോള്‍ ക്യൂബന്‍ ജനത തങ്ങളുടെ പ്രിയനേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കടന്ന് പോകുകയായിരുന്നു. 1979 മുതല്‍ ഇക്കൊല്ലം ആദ്യം വരെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ആഗസ്റ്റ് 31ന് വിവിധ അമേരിക്കന്‍ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ക്യൂബയിലെ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങളായ നഗരങ്ങളിലേക്ക് നേരിട്ട് വാണിജ്യ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ക്യൂബയിലേക്ക് ദിവസവും 110 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ഇരുപതെണ്ണം ഹവാനയിലേക്ക് മാത്രമാണ്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധങ്ങള്‍ 2015 ജൂലൈയില്‍ പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും സ്വന്തം ജനതയ്‌ക്ക് ക്യൂബയിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരിക-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശനമാകാം.
















