കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംവാദം എന്ന ബോധവല്‍ക്കരണ പരിപാടി ഡിസംബര്‍ മൂന്നിന് ലോഗോസ് ജങ്ഷനുസമീപം ഐഎംഎ ഹാളില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനും അവരുടെ വീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായാണ് ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംവാദം’ സംഘടിപ്പിക്കുന്നത്.
രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗം ജെ. സന്ധ്യ പങ്കെടുക്കും. കളമശ്ശേരി രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിലെ പരിശീലനവിഭാഗം മേധാവി എസ്സ്.ആര്‍. രാജീവ് കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കും. വിവിധ സ്‌കൂളുകളിലെ ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന 80 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
















