മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 78/4 എന്ന നിലയില്‍ പതറുകയാണ്. ആറ് വിക്കറ്റ് ശേഷിക്കേ 56 റണ്‍സ് പിന്നിലുള്ള ഇംഗ്ലണ്ട് ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാനാകും നാലാം ദിനം ഇറങ്ങുന്നത്. 36 റണ്‍സോടെ ക്രീസിലുള്ള ജോ റൂട്ടിന് കൂട്ടായി ഗാരത് ബാറ്റിയുണ്ട്.
മൊഹാലിയിലെ കുത്തിത്തിരിയുന്ന വിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ വെള്ളംകുടിച്ചുപോയി. ആര്‍.അശ്വിനാണ് കൂടുതല്‍ അപകടകാരിയായത്. അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റുമായി അശ്വിന് പിന്തുണ നല്‍കി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 417 റണ്‍സില്‍ അവസാനിച്ചു. 134 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് ഇന്ത്യ ബൗളിംഗിനിറങ്ങിയത്. വാലറ്റത്ത് രവീന്ദ്ര ജഡേജ (90), ആര്‍.അശ്വിന്‍ (72), ജയന്ത് യാദവ് (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.
271/6 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ഏഴാം വിക്കറ്റില്‍ അശ്വിന്‍-ജഡേജ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വന്ന ജയന്ത് യാദവും ജഡേജയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്തി. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ജഡേജ ആദില്‍ റഷീദിന് വിക്കറ്റ് നല്‍കി മടങ്ങി.
77 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചു നിന്നത്. റഷീദിന് നാല് വിക്കറ്റ് ലഭിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 283 റണ്‍സില്‍ അവസാനിച്ചിരുന്നു.
















