കണ്ണൂര്‍: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചുകൊന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി. തിരിച്ചടിയെന്ന നിലയില്‍ മാവോയിസ്റ്റുകള്‍ പോലീസ് സ്റ്റേഷനുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയിരിക്കുന്നത്. കേളകം, ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍, കണ്ണവം, പേരാവൂര്‍, കുടിയാന്‍മല എന്നീ പോലീസ് സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇതില്‍ മിക്ക സ്റ്റേഷനുകള്‍ക്കും നേരത്തെ തന്നെ മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നു. സാധാരണ പോലീസ് പാറാവിന് പുറമെ ഇപ്പോള്‍ തണ്ടര്‍ ബോള്‍ട്ടിന്റെ പ്രത്യേക സംഘവും സ്റ്റേഷനുകളിലുണ്ട്. ചില സ്റ്റേഷനുകളില്‍ ചുറ്റു മതിലും കമ്പിവേലിയും പ്രത്യേക പാറാവ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആറളം സ്റ്റേഷനില്‍ പ്രത്യേകമായി തയ്യാറാക്കിയ വാച്ച് ടവറിലാണ് തണ്ടര്‍ ബോള്‍ട്ടിന്റെ പ്രത്യേക സുരക്ഷ ഒരിക്കിയിരിക്കുന്നത്. നേരത്തെ നെടുമ്പൊയില്‍ പതിനാലാം മൈലില്‍ പോലീസ് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ കരിങ്കല്‍ ക്വാറി അക്രമിച്ചിരന്നു. ജില്ലയിലെ മലയോര മേഖലകളിലും ആദിവാസി ഊരുകളിലും നിരവധി അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാവോയിസ്റ്റുകള്‍ ആദിവാസി മേഖലകളില്‍ ചുവടുറപ്പിക്കുന്നത്. ചില മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ളതായി അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വനമേഖലകളില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളിലേക്കും കര്‍ണ്ണാടകയിലേക്കും രക്ഷപ്പെടാനാകും. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് പോലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
















