കണ്ണൂര്‍: അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ റബ്ബര്‍ വില കിലോവിന് 136 രൂപ എത്തിയ സാഹചര്യത്തില്‍ കേരളത്തിലെ കൃഷിക്കാരെ സഹായിക്കാന്‍ 150 രൂപ വില നിശ്ചയിച്ച് കമ്പോള വിലയുടെ വ്യത്യാസം സബ്‌സിഡിയായി നല്‍കുന്ന പദ്ധതിയില്‍ 200 രൂപയാക്കി വില വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാ ന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു.
അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ റബ്ബര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ സെസ്സും ഇറക്കുമതി തിരുവയും ട്രാന്‍സ്‌പോര്‍ട്ട് ചെലവുകളും കൂടി ഏകദേശം 200 രൂപയോളം വേണ്ടിവരും. ഈ വില ലഭിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ട്.
റബ്ബര്‍ ടാപ്പിംഗ് സീസണായപ്പോള്‍ റബ്ബര്‍ വിലയിലുണ്ടായ വര്‍ദ്ധനവിന്റെ പ്രയോജനം കൃഷിക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്. 125-130 രൂപക്കാണ് വ്യാപാരികള്‍ റബ്ബര്‍ വാങ്ങുന്നത്. വന്‍കിട റബ്ബര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാതെയും വാങ്ങുന്നത് നിസ്സാര വിലനിശ്ചയിച്ചുമാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് കണ്ടിലെന്ന് നടിച്ച് കൊള്ളലാഭം ഉണ്ടാക്കാന്‍ ടയര്‍ കമ്പനികളെ അനുവദിക്കരുത്. റബ്ബര്‍ വാങ്ങാതിരിക്കുകയും അതുവഴി വിലയിടിക്കുകയും ചെയ്യുന്ന റബ്ബര്‍ കമ്പനികളുടെ പ്രവര്‍ത്തനം രാജ്യദ്രോഹവും ക്രിമിനല്‍ കുറ്റവുമാണ്.
നാണ്യവിളകളുടെ വിലയിലുണ്ടായ ഇടിവും പണിക്കൂലി, വളത്തിന്റെ വില വര്‍ദ്ധനവ്, തൊഴിലാളികളെ ലഭിക്കാതിരിക്കുന്ന അവസ്ഥ, തുടങ്ങിയവ മൂലം കര്‍ഷകര്‍ ടാപ്പിംഗ് പോലും ചെയ്യാന്‍ മടിക്കുന്ന അവസരത്തില്‍ വിലടിയിവ് മലയോര കര്‍ഷകര്‍ക്ക് കടുത്ത പ്രഹരമാണ്. ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മലയോര കര്‍ഷകരെ സഹായിക്കാന്‍ അടിയന്തിര പാക്കേജുകള്‍ക്ക് രൂപം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
റബ്ബര്‍ വിലിയടിക്കാന്‍ ശ്രമിക്കുന്ന വ്യാപാരികളുടെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ജോസ് ആവശ്യപ്പെട്ടു.
















