കല്‍പ്പറ്റ: തുലാവര്‍ഷവും ദുര്‍ബലമായത് കുളങ്ങളില്‍ ജലനിരപ്പ് ഗണ്യമായി കുറയാനിടയാക്കിയതുമൂലം വിളവെടുപ്പ് നേരത്തേ നടത്തേണ്ടിവരുന്നത് ജില്ലയിലെ മത്സ്യക്കര്‍ഷകര്‍ക്ക് കനത്ത നഷ്ടത്തിനു കാരണമാകും. ഫിഷറീസ് വകുപ്പ് മത്സ്യമേളയുടെ ഭാഗമായി നടത്തിയ പരാതി പരിഹാര അദാലത്തിനെത്തിയ കര്‍ഷകരാണ് ഇതിലേക്ക് വിരല്‍ചൂണ്ടിയത്.
കുളങ്ങളിലടക്കം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നിക്ഷേപിക്കുന്ന മീന്‍കുഞ്ഞുങ്ങള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂര്‍ണ വളര്‍ച്ചെയെത്തുക. മഴക്കുറവുമൂലം കുളങ്ങളില്‍ ജലനിരപ്പ് കുറഞ്ഞത് വിളവെടുപ്പ് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടത്താന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. മത്സ്യങ്ങളെ പൂര്‍ണ വളര്‍ച്ചയെത്തുംമുമ്പ് പിടിക്കേണ്ടിവരുന്നത് കുറഞ്ഞത് 40 ശതമാനം ഉല്‍പാദന നഷ്ടത്തിനു കാരണമാകുമെന്ന് അക്വാ കള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞു. ജില്ലയില്‍ നിലവില്‍ 250 ഹെക്ടറിലാണ് മത്സ്യക്കൃഷി. 4729 പുരുഷന്മാരും 818 സ്ത്രീകളും ഉള്‍പ്പെടെ 5548 പേര്‍ മീന്‍കൃഷി നടത്തുന്നുണ്ട്. 2015-’16ല്‍ ജില്ലയില്‍ 450 ടണ്‍ മീനാണ് വിളഞ്ഞത്.കിലോഗ്രാമിനു ശരാശരി 120 രൂപ നിരക്കിലായിരുന്നു വില്‍പന. ഉത്പാദനത്തിലുണ്ടാകന്ന കുറവ് കര്‍ഷകര്‍ക്ക് വരുമാനനഷ്ടത്തിനു കാരണമാകും-ഷമീം പറഞ്ഞു.
മത്സ്യക്കൃഷിയില്‍ മതിയായ പ്രോത്സാഹനം സര്‍ക്കാരും ഫിഷറീസ് വകുപ്പും നല്‍കുന്നില്ലെന്ന് അദാലത്തില്‍ ചെറുകിട കര്‍ഷകര്‍ വിമര്‍ശച്ചു. 10 സെന്റില്‍ ചുവടെ ജലാശയങ്ങളില്‍ കൃഷി നടത്തുന്നവരാണ് ജില്ലയിലെ മത്സ്യക്കര്‍ഷകരില്‍ 90 ശതമാനവും. ചെറുകിട കര്‍ഷകര്‍ക്ക് സബ്‌സിഡി, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലഭിക്കുന്നില്ല. ചെറുതും വലതും അടക്കം കൃഷിക്കാര്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവും അനുവദിക്കുന്നില്ല.
തലക്കുളങ്ങളുടെ സംരക്ഷണത്തിനും പുതിയ കുളങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും ഫിഷറീസ് വകുപ്പ് പദ്ധതി തയാറാക്കണമെന്ന് കര്‍ഷകര്‍ നിര്‍ദേശിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ നെല്‍ക്കൃഷക്കെന്നപോലെ മത്സ്യക്കൃഷിക്കും വലിയ പ്രാധാന്യമുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കൃഷിക്കാരുടെ പരിഭവങ്ങളും നിര്‍ദേശങ്ങളും വുകപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫീഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍കിഷന്‍ പറഞ്ഞു.
















