പനാജി: പരിക്കു സമയത്ത് സ്റ്റീഫന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം. എഫ്‌സി ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ വിജയിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ബെലന്‍കോസോയും പിയേഴ്‌സണും ലക്ഷ്യം കണ്ടപ്പോള്‍ ഗോവയുടെ ആശ്വാസഗോള്‍ മന്ദര്‍റാവു ദേശായി നേടി.
ഇതോടെ 12 കളികളില്‍ നിന്ന് 18 പോയിന്റുമായി അത്‌ലറ്റികോ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം പരാജയം നേരിട്ട നിലവിലെ റണ്ണേഴ്‌സപ്പായ എഫ്‌സി ഗോവ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 12 കളികളില്‍ നിന്ന് 11 പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
കളിയുടെ തുടക്കത്തില്‍ ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസ് നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ ആളുണ്ടായില്ല. ഏഴാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ആദ്യ മുന്നേറ്റം. തുടര്‍ന്ന് ജാവി ലാറ പായിച്ച ഷോട്ട് ഗോവ ഗോളി ലക്ഷ്മികാന്ത് കാട്ടിമണി രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ ജാവി ലാറയുടെ പാസില്‍ നിന്ന് പിയേഴ്‌സണ് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലീഡ് നേടി. റുയ്ഡിയാസിന്റെ അളന്നുമുറിച്ച ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ബെലെന്‍കോസോ ഗോവ വല കുലുക്കി. ആദ്യപകുതിയില്‍ അത്‌ലറ്റികോ 1-0ന് മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് ഗോവക്ക് സമനില പിടിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെട്ടു. 67-ാം മിനിറ്റില്‍ ലഭിച്ച അവസരം റോമിയോ ഫെര്‍ണാണ്ടസും നഷ്ടപ്പെടുത്തി. എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ 80-ാം മിനിറ്റില്‍ അവര്‍ സമനില കണ്ടെത്തി. റാഫേല്‍ കൊയ്‌ലോയുടെ പാസ്സ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മന്ദര്‍റാവു ദേശായി പായിച്ച ഇടംകാലന്‍ ഷോട്ടാണ് സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന അത്‌ലറ്റികോ ഗോൡയ മറികടന്ന് വലയില്‍ കയറിയത്.
സമനിലനേടിയതോടെ ഗോവ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. തുടര്‍ച്ചയായി അവര്‍ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. എന്നാല്‍ ഷോട്ടുകള്‍ മുഴുവന്‍ ക്രോസ് ബാറിന് മുകളിലൂടെയും പോസ്റ്റിന് സൈഡിലൂടെയും പുറത്തേക്ക് പറന്നു. 87-ാം മിനിറ്റില്‍ കൊല്‍ക്കത്ത് ലീഡ് ഉയര്‍ത്താന്‍ അവസരം. എന്നാല്‍ സമീഗ് ദൗത്തിയുടെ കോട്ട് കാട്ടിമണി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഒടുവില്‍ ഇഞ്ചുറി സമയത്ത് കൊല്‍ക്കത്തയുടെ വിജയഗോള്‍ പിറന്നു. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സമീഗ് ദൗത്തി നല്‍കിയ പാസ്സാണ് പിയേഴ്‌സണ്‍ വലയിലെത്തിച്ചത്. ഇതിന് തൊട്ടുമുമ്പ് ദൗതിയുടെ ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി തെറിക്കുകയും ചെയ്തു.
29ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോയുടെ എതിരാളികള്‍. ഡിസംബര്‍ രണ്ടിന് അവസാന കളിയില്‍ പൂനെ സിറ്റിയും.
















