കല്‍പ്പറ്റ: കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ദല്‍ഹിക്ക് ജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ ജയിക്കാനാവശ്യമായ 153 റണ്‍സ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ദല്‍ഹി നേടിയത്.
മൂന്നിന് 51 എന്ന നിലയില്‍ അവസാനദിനമായ ഇന്നലെ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ദല്‍ഹിക്ക് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 10 റണ്‍സെടുത്ത വികാസിനെ നഷ്ടമായി. അധികം കഴിയും മുന്നേ ടോപ്‌സ്‌കോറര്‍ ശിഖര്‍ ധവാനും മടങ്ങി. 49 റണ്‍സാണ് ധവാന്റെ സമ്പാദ്യം. സ്‌കോര്‍ 100-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത മിലിന്ദ് കുമാറും മടങ്ങി. തുടര്‍ന്ന് നിതീഷ് റാണയും സുമിത് നര്‍വാളും ചേര്‍ന്ന് നേടിയ 37 റണ്‍സിന്റെ കൂട്ടുകെട്ട് ദല്‍ഹിയിലെ വിജയത്തിന്റെ അടുത്തുവരെയെത്തിച്ചു.
എന്നാല്‍ 31 റണ്‍സെടുത്ത നിതീഷ് റാണെയെ പുറത്തായതോടെ ദല്‍ഹി വീണ്ടും പ്രതിരോധത്തില്‍. എന്നാല്‍ എട്ട് റണ്‍സെടുത്ത മനന്‍ ശര്‍മ്മയെയും പുറത്താകാതെ നാല് റണ്‍സെടുത്ത സുമിത് സാങ്‌വനെയും കൂട്ടുപിടിച്ച് നുമിത് നര്‍വാള്‍ ടീമിനെ വിജയത്തിലെത്തിച്ചു. രാജസ്ഥാന് വേണ്ടി ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ അമിത്കുമാര്‍ ഗൗതം കളിയിലെ താരം.
















