കല്‍പ്പറ്റ: അരപ്പറ്റയില്‍ നടക്കുന്ന 53-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം സെമിയില്‍. ഇടുക്കിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കോട്ടയം അവസാന നാലില്‍ ഇടംപിടിച്ചത്. കോട്ടയത്തിനായി 14-ാം മിനിറ്റില്‍ ബിജേഷ് ടി.ബിയും 73-ാം മിനിറ്റില്‍ അസ്സനുള്‍ ഫസുവും ഗോള്‍ നേടി.
മറ്റൊരു ആവേശകരമായ കളിയില്‍ പത്തനംതിട്ടയെ തോല്‍പ്പിച്ച് ആതിഥേയരായ വയനാട് ജില്ല ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും. ഒരു മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് വയനാടിന് തുണയായത്. 48-ാം മിനിറ്റില്‍ വിഷ്ണു രാജിലൂടെ പത്തനംതിട്ട ലീഡ് നേടി. എന്നാല്‍ കളി പരിക്കു സമയത്തേക്ക് കടന്നതോടെ വയനാട് രണ്ട് തവണ നിറയൊഴിച്ചു. 92-ാം മിനിറ്റില്‍ നിസാമുദ്ദീനും 93-ാം മിനിറ്റില്‍ അര്‍ഷാദ് സൂപ്പിയും.
















