കൊച്ചി: കഴിഞ്ഞ ദിവസം മുംബൈ എഫ്‌സിയോടേറ്റ ദയനീയ പരാജയത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരായി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് വീണ്ടും നാട്ടങ്കം. രാത്രി 7ന് നടക്കുന്ന കളിയില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയിച്ചേ മതിയാവൂ.
ഇന്ന് പൂനെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ബ്ലാസ്‌റ്റേഴ്‌സ് 12 കളികളില്‍ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയരും. പൂനെയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് 13 കളികളില്‍ നിന്ന് 18 പോയിന്റാവും. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ പൂനെ സിറ്റിക്ക് ഇനി ഒരു മത്സരം കൂടി മാത്രമെ ബാക്കിയുള്ളു. ഡിസംബര്‍ രണ്ടിനു കൊല്‍ക്കത്തക്കെതിരെ.
നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 11 മത്സരങ്ങളില്‍ നിന്നും നാല് ജയവും മൂന്നു സമനിലയും നാല് തോല്‍വിയുമായി 15 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. പൂനെക്കും 12 കളികളില്‍ നിന്ന് 15 പോയിന്റാണെങ്കിലും പോയിന്റ് പട്ടികയില്‍ അവര്‍ നാലാമത്. ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ഗോള്‍ ശരാശരിയാണ് അവര്‍ക്ക് തുണ.
കഴിഞ്ഞ മത്സരത്തില്‍ ഫോര്‍ലാന്റെ മിന്നുന്ന ഫോമിന് മുന്നില്‍ അമ്പേ തകര്‍ന്നടിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു തകര്‍ന്നത്. മുന്‍ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രതിരോധം കെട്ടിപ്പൊക്കിയ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈക്കെതിരെ അതിന് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഇന്ന് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ആദ്യ ഇലവനില്‍ ഇറങ്ങുന്നതോടെ പ്രതിരോധത്തിന് കൂടുതല്‍ കരുത്തു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് സ്റ്റീവ് കൊപ്പല്‍. ടീം സെമിയില്‍ ഇടംപിടിക്കുമെന്ന കാര്യത്തിലും കൊപ്പല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും അമിതമായി പ്രതീകരിക്കാന്‍ താന്‍ ഇല്ലെന്നും 14 മത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ടീമിനെ വിധിക്കേണ്ടതെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് പൂനെക്കെതിരെ മൂന്ന് പോയിന്റ് നേടുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള തന്ത്രങ്ങളാണ് കോച്ച് ഒരുക്കിയിട്ടുള്ളത്.
സീസണിന്റെ തുടക്കത്തില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍ പ്രവേശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ടീം മികച്ച തിരിച്ചുവരവ് നടത്തി. ഇതോടെ സ്ഥിതി മാറി. ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ടെന്ന് ആരാധകരും മറ്റും വിലയിരുത്തുന്നുണ്ട്. ആ വിശ്വാസം സഫലമാക്കുകയാണ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ഹോം ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡാണ് ബ്ലാസ്‌റ്റേഴ്‌സിനെന്നതും ഇന്ന് ജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് 0-1നു തോറ്റതിനുശേഷം ദല്‍ഹിയോട് ഗോള്‍ രഹിത സമനില, പിന്നീട് തുടര്‍ച്ചയായി മൂന്ന് ജയം. മുംബൈ സിറ്റിയോട് 1-0 ജയം, ഗോവയോട് 2-1 ജയം, ചെന്നൈയിന്‍ എഫ്‌സിയോട് 3-1. ഈ മികവ് നിലനിര്‍ത്താനാകുമെന്നാണ് ടീം കരുതുന്നത്. ഇരു ടീമുകളും പൂനെയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.
ഏറ്റവും പിന്നിലുള്ള ഗോവക്കും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്കുമടക്കം സെമി സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്ന് പൂനെയുടെ സഹ പരിശീലകന്‍ ഡേവിഡ് മോളിനര്‍ പറഞ്ഞു. ടീമിലെ 25 കളിക്കാരും പൂര്‍ണമായും കളിക്കാന്‍ സന്നദ്ധരാണെന്നും ഫിറ്റ്‌നസ് സംബന്ധമായി ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനിബാള്‍, അരാട്ട ഇസുമി, സിസോക്കോ, ലിങ്‌ദോ എന്നിവരാണ് ടീമിന്റെ പ്രധാന കരുത്ത്.
വിജയം മാത്രമേ ഇരുടീമുകളുടെയും സെമി സാധ്യത സജീവമാക്കൂ എന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കാം.
















