ഉലാന്‍ബാതര്‍(മംഗോളിയ): ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതില്‍ യാതൊരു ദു:ഖവും ഇല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബിസിനസുകാരനായ അദ്ദേഹം ആഗോള യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയായിരിക്കും നയങ്ങള്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മംഗോളിയയിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനൊടുവിലാണ് ദലൈലാമ ഇക്കാര്യം പറഞ്ഞത്. ട്രംപ് ഭരണകൂടവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ടിബറ്റന്‍ വക്താവ് ടെന്‍സിന്‍ ഡാര്‍ലിങ് പറഞ്ഞു.
ദലൈലാമയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്ത് വന്നിരുന്നു. ഇത് മംഗോളിയയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.
മംഗോളിയന്‍ സമ്പദ്‌വ്യവസ്ഥ ചൈനയെ വലിയ തോതില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ചൈനയുമായി വായ്‌പ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി മംഗോളിയന്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം ചൈന മാറ്റിവച്ചിരിക്കുകയാണ്.
















