ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കരുത്തര്‍ കളത്തില്‍. മുന്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണ, കെല്‍റ്റിക്കിനെ നേരിടുമ്പോള്‍, ജര്‍മന്‍ കരുത്തര്‍ ബയേണ്‍ മ്യൂണിച്ചിന് എതിരാളികള്‍ റൊസ്റ്റോവ്. പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലും ഫ്രഞ്ച് ചാമ്പ്യന്‍ പാരീസ് സെന്റ് ജര്‍മനും തമ്മിലാണ് ഇന്നത്തെ നക്ഷത്ര പോരാട്ടം. കളികളെല്ലാം ഇന്നു രാത്രി.
ഗ്ലാസ്‌ഗോയില്‍ സ്‌കോട്ടിഷ് ടീമിനെ നേരിടുമ്പോള്‍ റെക്കോഡുകളുടെ ആശ്വാസമുണ്ട് ബാഴ്‌സലോണയ്‌ക്ക്. കെല്‍റ്റിക്കിനെതിരെയുള്ള ഒമ്പത് കളികളില്‍ ഏഴിലും ജയം സ്പാനിഷ് വമ്പന്മാര്‍ക്ക്. ഒരെണ്ണം സമനില. 2012 നവംബറില്‍ കെല്‍റ്റിക്കിന്റെ മൈതാനത്താണ് ഏക തോല്‍വിയെന്നത് ബാഴ്‌സയ്‌ക്ക് ചങ്കിടിപ്പുണ്ടാക്കും. സ്പാനിഷ് ലീഗില്‍ നൗകാമ്പില്‍ മലാഗയോട് സമനില വഴങ്ങിയത് ബാഴ്‌സയെ ചിന്തിപ്പിക്കും. എന്നാല്‍, ലയണല്‍ മെസിയും ലൂയി സുവാരസുമില്ലാതെയാണ് കളിച്ചതെന്ന് ആശ്വസിക്കാം. ഗ്രൂപ്പ് സിയില്‍ നാലു കളികളില്‍ ഒമ്പത് പോയിന്റുമായി ഒന്നാമത് ബാഴ്‌സ.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ നേരിടും. എവേ മത്സരത്തില്‍ ജയം കാണാമെന്നാണ് സിറ്റിയുടെയും പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെയും പ്രതീക്ഷ. ഗോള്‍വഴിയിലേക്ക് മടങ്ങിയെത്തിയ യായ ടുറെയുടെ ഫോമാകും സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിക്കുക. ഏഴു പോയിന്റുമായി രണ്ടാമതുണ്ട് സിറ്റി. ബൊറൂസിയയ്‌ക്ക് നാല് പോയിന്റ്. തുടരെ രണ്ടാം സീസണിലാണ് ഈ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോരാടുന്നത്. കഴിഞ്ഞ മൂന്നു കളികളിലും ജയം നേടിയത് സിറ്റി.
ഗ്രൂപ്പ് ഡിയില്‍ റഷ്യന്‍ ടീം റൊസ്റ്റൊവിനെ നേരിടുമ്പോള്‍ ബയേണിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. ജര്‍മന്‍ ലീഗില്‍ ബൊറൂസിയയോട് തോറ്റ് രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നതിന്റെ ക്ഷീണം യൂറോപ്യന്‍ വേദിയില്‍ തീര്‍ക്കുകയും ലക്ഷ്യം. റഷ്യന്‍ ടീമുകളോട് ഇതുവരെ തോറ്റിട്ടില്ല ബയേണ്‍. പത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനില.
ഗ്രൂപ്പിലെ മറ്റൊരു പോരാട്ടം അത്‌ലറ്റികോ മാഡ്രിഡും പിഎസ്‌വി ഐന്തോവനും തമ്മില്‍. മാഡ്രിഡിലാണ് മത്സരം. പിഎസ്‌വിക്കെതിരെ തോല്‍വിയറിഞ്ഞിട്ടില്ലെന്ന കേമത്തമുണ്ട് അത്‌ലറ്റികോയ്‌ക്ക്. മൂന്നു കളികളില്‍ ജയിച്ചപ്പോള്‍, രണ്ടെണ്ണം സമനിലയില്‍. അവസാനത്തെ 18 കളികളില്‍ പത്ത് സമനില, എട്ട് തോല്‍വി. ഗ്രൂപ്പില്‍ 12 പോയിന്റുമായി ഒന്നാമത് അത്‌ലറ്റികോ. ഒമ്പതു പോയിന്റുള്ള ബയേണ്‍ രണ്ടാമത്.
ഗ്രൂപ്പ് എയാണ് ഇന്നത്തെ വലിയ പോരാട്ടത്തിന് വേദിയാകുന്നത്, ആഴ്‌സണലും പിഎസ്ജിയും. നാലു കളികളില്‍ 10 പോയിന്റ് വീതമുണ്ട് ഇരുവര്‍ക്കും. ഗോള്‍ശരാശരിയില്‍ ആഴ്‌സണല്‍ മുന്നില്‍. എത്തിഹാദില്‍ പാരീസ് ടീമിനെ സ്വീകരിക്കുമ്പോള്‍ ജയം മാത്രമാകും പീരങ്കിപ്പടയുടെ മനസില്‍. ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതും മത്സരഫലം. യൂറോപ്പില്‍ ആഴ്‌സണലിനെ തോല്‍പ്പിക്കാനായില്ലെന്ന പരിമതിയുണ്ട് പിഎസ്ജിക്ക്. രണ്ട് കളികള്‍ സമനിലയിലായപ്പോള്‍, ഒരെണ്ണം തോറ്റു.
ഫ്രഞ്ച് ടീമുകള്‍ക്കെതിരെ മികച്ച റെക്കോഡല്ല ആഴ്‌സണലിന്. രണ്ടു ജയം മാത്രമേ നേടിയിട്ടുള്ളു. മൂന്നില്‍ തോല്‍വി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് തവണ ഇംഗ്ലീഷ് ടീമുകളെ അവരുടെ നാട്ടില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമേ പിഎസ്ജി ജയം കണ്ടിട്ടുള്ളു. കഴിഞ്ഞ വര്‍ഷം ചെല്‍സിക്കെതിരെ സ്റ്റംഫോഡ് ബ്രിഡ്ജില്‍. ഗ്രൂപ്പിലെ രണ്ടാം മത്സരം ലുഡൊഗൊരെറ്റ്‌സും ബേസലും തമ്മില്‍.
ഗ്രൂപ്പ് ബിയില്‍ ഡൈനാമോ കീവിനെതിരെ ഇറങ്ങുമ്പോള്‍ ഇറ്റാലിയന്‍ ടീം നെപ്പോളിക്ക് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. നാലു കളികളില്‍ ഏഴു പോയിന്റുമായി രണ്ടാമത് നെപ്പോളി. ഇത്രയും പോയിന്റുള്ള പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക ഒന്നാമത്. ബെനഫിക്കയ്‌ക്കും ജയിക്കണം. എതിരാളികള്‍ ബെസിക്റ്റസ്. മൂന്നാമതാണ് ടീം
















