അങ്കാറ: സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവരെ വെറുതെ വിടുന്നതിന് അനുവദിക്കുന്ന വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു. പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചതാണ് ഇക്കാര്യം.
ഇരയെ വിവാഹം ചെയ്യാന്‍ ബലാല്‍സംഗം ചെയ്യുന്ന ആള്‍ തയാറായാല്‍ അയാളെ വെറുതെ വിടുന്ന നിയമം നിര്‍മിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ ദിവസങ്ങളായി ഇവിടെ ശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. പുതിയ നിയമം ബലാല്‍സംഗത്തെ മഹത്വവതിക്കരിക്കുമെന്നായിരുന്നു പ്രധാന ആരോപണം.
ബില്‍ പാസായാല്‍ ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പലരും പുറത്ത് വരും. എന്നാല്‍ രാജ്യത്തെ നിയമമറിയാതെ കുരുക്കില്‍ പെട്ടവരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. പതിനെട്ട് വയസാണ് രാജ്യത്ത് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം. ചിലയിടങ്ങളില്‍ ശൈശവ വിവാഹവും പ്രാബല്യത്തിലുണ്ട്.
















