ഇസ്താംബുള്‍: സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് അനുകൂലമായ നിയമം നിര്‍മിക്കാനുള്ള തുര്‍ക്കി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കുന്ന നിയമം പാസാക്കാനുള്ള നീക്കത്തിനെതിരെയാണ് വനിതാ സംഘടനകളടക്കം തെരുവിലിറങ്ങിയത്. ബില്‍ നാളെ പാര്‍ലമെന്റില്‍ വോട്ടിനിടും.
രാജ്യത്ത് പീഡനവും ബാലവിവാഹവും വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെമൊക്രറ്റിക്ക് പാര്‍ട്ടിയുടെ വിശദീകരണം. പീഡനക്കേസുകളില്‍ നിയമപരമായ വിവാഹത്തിന് വഴിയൊരുക്കുകയാണ് ഇതിലൂടെയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ പ്രസിഡന്റ് റെസപ്പ് തയ്യിപ്പ് എര്‍ദൊഗന്‍ തള്ളി.
അതേസമയം, എര്‍ദൊഗന്റെ മകള്‍ ഭാരവാഹിയായ സംഘടനയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. ‘ബലാത്സംഗം നിയമവിധേയമാക്കരുത്’ എന്ന ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ ഒത്തുചേരുന്നത്. ഇസ്തംബുളില്‍ കഴിഞ്ഞ ദിവസം മൂവായിരത്തിലധികം പേരാണ് റാലിയില്‍ പങ്കെടുത്തത്.
















