കല്‍പ്പറ്റ: വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദല്‍ഹിക്കെതിരെ രാജസ്ഥാന്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ 238ന് പുറത്ത്. സെഞ്ചുറിയുമായി ടീമിനെ ഒറ്റക്ക് തോളിലേറ്റിയ ഓപ്പണര്‍ അമിത്കുമാറാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദല്‍ഹി ആദ്യ ദിനത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍. 29 റണ്‍സുമായി ശിഖര്‍ ധവാനും 6 റണ്‍സുമായി ഗൗതം ഗംഭീറും പുറത്ത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട രാജസ്ഥാന്‍ ഓപ്പണര്‍ അമിത് കുമാര്‍ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് 238 റണ്‍സെടുത്തത്. 182 പന്തുകള്‍ നേരിട്ട അമിത് കുമാര്‍ 15 ഫോറും രണ്ട് സിക്‌സറുമടക്കമാണ് 106 റണ്‍സെടുത്തത്.
നാല് പേര്‍ മാത്രമാണ് രാജസ്ഥാന്‍ ഇന്നിങ്ങ്‌സില്‍ രണ്ടക്കം കടന്നത്. അമിത്കുമാറിന് പുറമെ ദീപക് ചാഹര്‍ 47ഉം സല്‍മാന്‍ ഖാന്‍ 31ഉം മഹിപാല്‍ ലോമര്‍ 15ഉം റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ വികാസ് തോകാസും നവ്ദീപ് സെയ്‌നിയും രണ്ടെണ്ണം വീതം സ്വന്തമാക്കിയ സുമിത് നര്‍വാളും മനന്‍ ശര്‍മ്മയും മികച്ച ബൗളിങ്ങ് കാഴ്ചവെച്ചു.
















