മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ റയല്‍ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഹാട്രിക്ക് മികവില്‍ നാട്ടുകാരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി റയല്‍. അത്‌ലറ്റികോയുടെ മൈതാനം വിന്‍സന്റ് കാല്‍ഡറോണിലാണ് ജയമെന്നത് റയലിന്റെ ആധിപത്യം വിളിച്ചോതുന്നു.
അതേസമയം, നിലവിലെ ചാമ്പ്യന്‍ ബാഴ്‌സലോണയെ മലാഗ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
സ്വന്തം മൈതാനത്ത് ആധിപത്യമുറപ്പിക്കാനുള്ള അത്‌ലറ്റികോയുടെ നീക്കം ഇത്തവണ താരനിബിഢമായ റയലിനു മുന്നില്‍ പിഴിച്ചു. 23ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ ആദ്യ ഗോള്‍ നേടി. 30 വാര അകലെ നിന്നുള്ള ഫ്രീ കിക്കില്‍ നിന്ന് ഗോള്‍. 71ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍. 77ാം മിനിറ്റില്‍ ഗരത് ബെയ്ല്‍ ഒരുക്കിയ അവസരം വലയിലെത്തിച്ച് ക്രിസ്റ്റ്യാനൊ കരിയറിലെ 39ാം ഹാട്രിക്ക് പേരിലാക്കി. 12 കളികളില്‍ 30 പോയിന്റുമായി റയല്‍ ഒന്നാമത്.
നൗകാമ്പില്‍ ഒമ്പതു പേരുമായി കളിച്ചാണ് മലാഗ ആതിഥേയരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചു കെട്ടിയത്. ഡീഗൊ ലോറന്റ്, യുവാന്‍ കാര്‍ലോസ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് മലാഗയ്‌ക്ക് തിരിച്ചടിയായി. എന്നാല്‍, ലയണല്‍ മെസിയും ലൂയി സുവാരസുമില്ലാതെ കളിച്ച ബാഴ്‌സയ്‌ക്ക് ഇതു മുതലെടുക്കാനായില്ല.
കഴിഞ്ഞ ആറു കളികളിലെ ആദ്യ സമനില വഴങ്ങി കറ്റാലന്മാര്‍. 26 പോയിന്റുമായി രണ്ടാമത് തുടരുന്നു ബാഴ്‌സ.
ഡിപോര്‍ട്ടീവൊ ല കൊരുണയെ 3-2ന് കീഴടക്കിയ സെവിയ്യ 24 പോയിന്റുമായി മൂന്നാമത്. വിയ്യ റയല്‍ (22), അത്‌ലറ്റികോ മാഡ്രിഡ് (21) തുടര്‍ സ്ഥാനങ്ങളില്‍.
















