തലശ്ശേരി: ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജ് കേമ്പസിലെ ‘ചേരമാന്‍ കോട്ട’ എന്നറിയപ്പെടുന്ന കോട്ട സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകമാണെന്ന് പുരാവസ്തു ഡയരക്ടര്‍ ഡോ. ജി.പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. കോളേജ് പിടിഎ മുഖ്യമന്ത്രിക്കും പുരാവസ്തു വകുപ്പു മന്ത്രിക്കും സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സ്ഥല പരിശോധനയ്ക്ക് ശേഷമാണ് ഡയരക്ടര്‍ ഇങ്ങനെ പറഞ്ഞത്. ചേരമാന്‍ പെരുമാളുമായി ധര്മ്മടത്തിനുണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തിന്റെ ഐതിഹ്യമാവാം ‘ചേരമാന്‍കോട്ട’യെന്ന പേരിന് കാരണമായത്. പ്രാഥമിക ലക്ഷണങ്ങള്‍ പ്രകാരം ഇത് ബ്രിട്ടീഷ്കാലത്തെ നിര്മ്മിതിയാകാനാണ് സാധ്യത. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിക്കപ്പെട്ട നിരീക്ഷണ ദുര്ഗ്ഗങ്ങളെപ്പറ്റി പരാമര്‍ശമുണ്ട് (ൃലറീൗയ)േ. ഏഴിമലയിലും മറ്റും കാണപ്പെടുന്ന അത്തരം നിര്‍മ്മിതികളേക്കാള്‍ വലിപ്പവും ഉറപ്പും കാണുന്നതിനാല്‍ നിരീക്ഷണത്തെക്കാളുപരി ആയുധസംഭരണമോ മറ്റോ കൂടി ഈ നിര്‍മ്മാണത്തിന് പിന്നിലുണ്ടാവാം. വ്യാപാര വാണിജ്യ കേന്ദ്രമെന്ന നിലയില്‍ ധര്മ്മടത്തിനുണ്ടായിരുന്ന ചരിത്രപ്രാധാന്യം ഈ പ്രദേശത്തെ തന്ത്രപ്രധാന സ്ഥാനമാക്കിയിട്ടുണ്ട്.
ചതുരാകൃതിയില്‍ ഏതാണ്ട് 25 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 2 മീറ്ററിലധികം വീതിയുള്ള ചെങ്കല്‍ ചുമരാണ് കോട്ടയ്ക്കുള്ളത്. ചെങ്കല്ലും മണ്ണും കുമ്മായവും ഉപയോഗിച്ചാണ് കനത്ത മതില്‍ക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മതില്‍ക്കെട്ടിന്റെ ഏറ്റവും മുകളില്‍ നടന്നുപോവാനുള്ള സൗകര്യവും പീരങ്കികള്‍ ഉറപ്പിക്കാനുള്ള കൊത്തളങ്ങളും ദൃശ്യമാണ്.
ഉടനെത്തന്നെ നഷ്ടാവശിഷ്ട പരിശോധന നടത്തുന്നതിനും സ്മാരകം സംരക്ഷിക്കുന്നതിനും, രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ടാക്കി വേലികെട്ടി കോട്ട ചുറ്റി നടന്നു കാണാനുള്ള സൗകര്യമേര്പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ ശുപാര്‍ശകള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്ന് പുരാവസ്തു ഡയരക്ടര്‍ അറിയിച്ചു.
സന്ദര്‍ശന സമയത്ത് ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി സരോജം, മുന്‍ പ്രസിഡണ്ട് പി.എം.പ്രഭാകരന് മാസ്റ്റര്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന് മുരുകദാസ്, പ്രിന്‍സിപ്പാള്‍ ഡോ.എ.വത്സലന്‍, കെ.മുരളിദാസ്, ഡോ.പി.പി.ജയകുമാര്‍, പി.സുധീര്‍കുമാര്‍, സി.സുജിത്ത്, വി.കെ.ജയന്തന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: