കണ്ണൂര്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ അനുഭവിച്ചുവന്ന നെട്ടോട്ടത്തിന് അയവ് വന്നു. ഇന്നലെ ജില്ലയിലെ ഒട്ടുമിക്ക ബാങ്കുകളിലും ആവശ്യത്തിന് നോട്ടുകള്‍ വിതരണത്തിനായി എത്തി. മുതിര്‍ന്നവര്‍ക്ക് മാത്രമായിരുന്നു ഇന്നലെ നോട്ടുകള്‍ മാറ്റിനല്‍കിയത്. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം കൈവിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയതോടെയും നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള വ്യവസ്ഥകള്‍ കടുപ്പിച്ചതോടെയും നോട്ടുമാറ്റത്തിനായി ജനങ്ങളുടെ കൂട്ടമായുള്ള ബാങ്കിലേക്കുള്ള ഒഴുക്കിന് തടയിടാനായി. മുഴുവന്‍ ബാങ്കുകളില്‍ നിന്നും എസ്ബി അക്കൗണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിധിയിലുള്ള തുകകള്‍ ഇടപാടുകാര്‍ക്ക് പിന്‍വലിക്കാനായി. എന്നാല്‍ 500 രൂപ നോട്ടുകള്‍ ജില്ലയില്‍ വ്യാപകമായി എത്തിത്തുടങ്ങിയിട്ടില്ല. നാളെയോടെ 500 രൂപ നോട്ടുകള്‍ ജില്ലയില്‍ ലഭ്യമാകും. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നതു മൂലം ചെറിയ നോട്ടുകള്‍ ഉണ്ടായിട്ടും ഇടപാടുകാര്‍ക്ക് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. 2000 രൂപ നോട്ടുകള്‍ യഥേഷ്ടം ജില്ലയിലെ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. മലയോരമേഖലയിലെ ഒട്ടുമിക്ക എടിഎമ്മുകളും ഇന്നലെയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാങ്ക് അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇതിന് കാരണം. ഏജന്‍സികള്‍ നിറക്കുന്ന എടിഎമ്മുകളില്‍ അവര്‍ പണം നിറക്കുന്നുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ കാലിയാവുകയാണ്. ബാങ്കുകാര്‍ക്ക് ഇതിന് പറയാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും എടിഎമ്മുകളില്‍ പണം നിറച്ചാല്‍ അത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. 500 രൂപ നോട്ടില്ലാത്തതും 100, 50 നോട്ടുകളുടെ അഭാവവുമാണ് എടിഎമ്മുകളില്‍ പണം നിറക്കാന്‍ കഴിയാതെ വരുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വാദം. ഗ്രാമീണ്‍ ബാങ്കിന്റെ പല എടിഎമ്മുകളിലും പണമില്ല. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കനറാബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ ചില സമയങ്ങളില്‍ പണം ലഭ്യമാകുന്നുണ്ട്. അതിനിടയില്‍ എസ്ബിഐ നടപ്പിലാക്കിയ മൊബൈല്‍ എടിഎം സംവിധാനം ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാകുന്നുണ്ട്. കൂടുതല്‍ മൊബൈല്‍ എടിഎം ഇറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നോട്ടുകള്‍ അസാധുവാക്കിയ നടപടി ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും കേന്ദ്രഗവണ്മെന്റിനെതിരെ കടന്നാക്രമണം നടത്തുകയുമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നോട്ടുകള്‍ പരസ്യമായി കത്തിച്ചുകളയുകയും പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുളള പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: