കണ്ണൂര്‍: അടുത്ത ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് രഹിത കണ്ണൂര്‍- നല്ല മണ്ണ് നല്ല നാട് കാംപയിന് സന്ദേശം ജില്ലയിലെ ഓരോ വീടുകളിലുമെത്തിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തില്‍ തീരുമാനമായി. കാംപയിന് വിജയിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി-പഞ്ചായത്ത് തലത്തില്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കും. ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം, വിളംബര ജാഥകള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തും. കാംപയിനുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചും കാംപയിനുമായി സഹകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുമുള്ള രണ്ട് മിനിട്ട് വീഡിയോ ഓരോ തദ്ദേശ സ്ഥാപന മേധാവിയും തയ്യാറാക്കി വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
കാംപയിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം കൈക്കൊണ്ട നടപടികള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവരും നേതൃത്വം നല്കി.
ഏപ്രില്‍ രണ്ടിനു ശേഷം ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, ഡിസ്പോസബ്ള്‍ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാനാവില്ലെന്ന സന്ദേശം ഓരോരുത്തരിലുമെത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളാണ് ജില്ലയില്‍ നടന്നുവരുന്നത്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കോര്പറേഷന് ഡിവിഷന് തലത്തില്‍ ജനകീയ ശുചിത്വ സമിതികള്‍ രൂപീകരിച്ച് കാംപയിന് പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് മേയര്‍ ഇ.പി.ലത അറിയിച്ചു. പ്ലാസ്റ്റിക് ബാഗുകള്‍ വില്ക്കുന്നവര് തദ്ദേശസ്ഥാപനങ്ങളില്‍ 4000 രൂപ കെട്ടി വയ്ക്കണമെന്ന തീരുമാനം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
വാക്കുകളിലൂടെ മാത്രമല്ല തുടര്‍ച്ചയായ പ്രവര്ത്തനങ്ങളിലൂടെയായിരിക്കണം പ്ലാസ്റ്റിക് രഹിത കണ്ണൂര്‍ കാംപയിന് സന്ദേശം ജനങ്ങളിലെത്തിക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ നടക്കുന്ന കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിന്ന് ഡിസ്പോസബ്ള്‍ പ്ലേറ്റുകളും കപ്പുകളും ഒഴിവാക്കാന്‍ ഓഡിറ്റോറിയം ഉടമകള്‍, കാറ്ററിംഗ് ഏജന്‍സികള്‍, ഗൃഹനാഥന്മാര് എന്നിവരുമായി ബന്ധപ്പെട്ട് പ്രേരണ ചെലുത്തണം. ഇതിന് വിസമ്മതിക്കുന്നവര്‍ മാലിന്യങ്ങള്‍ എങ്ങനെയാണ് സംസ്ക്കരിക്കുന്നതെന്ന് നിരീക്ഷിച്ച് പൊതു ഇടങ്ങളില്‍ അവ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. പ്ലാസ്റ്റിക് രഹിത കണ്ണൂര്‍ കാംപയിന് ജില്ലയില്‍ ശക്തിപ്പെട്ടുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ ടിഫിന്‍ കരിയറുകള്‍ സൂക്ഷിക്കുകയും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഇത് നല്‍കുകയും ചെയ്യുന്ന രീതി പ്രോല്‍സാഹിപ്പിക്കണം. ഇതിനായി ആശുപത്രി അധികൃതരുടെ യോഗം വിളിക്കണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ നിര്‍മാര്‍ജനത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്യും. സമയബന്ധിതമായും ഘട്ടംഘട്ടമായും വേണം കര്‍മപരിപാടികള്‍ നടപ്പാക്കേണ്ടത്. കാംപയിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജല സ്രോതസ്സുകള്‍ ശുചീകരിക്കുക, പുഴയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുക, പ്ലാസ്റ്റിക് കാരിബാഗിന് പകരം തുണി സഞ്ചികള്‍ പ്രോല്‍സാഹിപ്പിക്കുക, കല്യാണം പോലുള്ള പരിപാടികള്‍ക്ക് ഡിസ്പോസബ്ള്‍ സാധനങ്ങള്‍ക്ക് പകരം സ്റ്റീല്‍ പേപ്പറുകളും കപ്പുകളും വാടകയ്ക്ക് ലഭ്യമാക്കുക, സ്കുളുകള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കുക, മാലിന്യ സംസ്ക്കരണത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍, പൈപ്പ് കമ്പോസ്റ്റ് സംവിധാനം എന്നിവ സ്ഥാപിക്കുക, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കാംപയിന്റെ ഭാഗമായി നടത്തിവരുന്നതായി തദ്ദേശ സ്ഥാപന മേധാവികള്‍ യോഗത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: