ഹാട്രിക്ക് നേടിയ ഡീഗോ ഫോര്‍ലാന്റെ ആഹ്ലാദം
മുംബൈ: ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തെറിഞ്ഞ് മുംബൈ സിറ്റി എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞത്.
മുംബൈയുടെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ ബൂട്ടില്‍ നിന്ന് മൂന്നാം സീസണിലെ ആദ്യ ഹാട്രിക്ക് പിറന്നപ്പോള്‍ യുവ താരം കഫുവും ലൂസിയന്‍ ഗോയിനും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 1-0ന് തോറ്റ മുംബൈയുടെ മധുര പ്രതികാരം അല്പം കടുത്തതായി. തുടര്‍ച്ചയായ രണ്ട് വിജയം നല്‍കിയതിന്റെ ആത്മവിശ്വാസവുമായി കളത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ മുംബൈക്ക് മുന്നില്‍ അമ്പേ പരാജയപ്പെട്ടു.
മികച്ച ഒരു നീക്കം പോലും നടത്താന്‍ കഴിയാതിരുന്ന ടീം പ്രതിരോധത്തിലും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പരാജയമാണിത്. ചെന്നൈയിന് എഫ്സിയെ തകര്‍ത്ത ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പല്‍ ഇന്നലെ ടീമിനെ ഇറക്കിയത്. റിനോ ആന്റോ, ദിദിയര്‍ കാഡിയോ, അന്റോണിയോ ജെര്‍മന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍, മൈക്കല്‍ ചോപ്ര, മുഹമ്മദ് റഫീഖ്, ബെല്‍ഫോര്‍ട്ട് എന്നിവര്‍ പുറത്ത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ടീമില്‍ ഇടംപിടിച്ചില്ല.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ കാഡിയോക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മുംബൈയുടെ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്റെ സുന്ദരമായ ഗോള്‍. ഡെഫെഡെറിക്കോ ചിപ്പ് ചെയ്ത് നല്കിയ പന്ത് ഓടിപ്പിടിച്ച് ബോക്സില്‍ പ്രവേശിച്ച ശേഷം ഫോര്ലാന് പായിച്ച ഷോട്ട് ഗോളി ഗ്രഹാം സ്റ്റാക്കിനെ മറികടന്ന് വലയില്‍. 12-ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു മിന്നുന്ന ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത് ബ്ലാസ്റ്റേഴ്സ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് ഡെഫെഡെറിക്കോ എടുത്ത കോര്‍ണര്‍ സുനില്‍ ഛേത്രി കാല്മടമ്പുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഹോസു രക്ഷപ്പെടുത്തി.
തൊട്ടടുത്ത മിനിറ്റില്‍ ഫോര്‍ലാനിലൂടെ മൂംബൈ ലീഡ് ഉയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് ഫോര്ലാന് എടുത്ത ഫ്രീകിക്കാണ് ഗ്രഹാം സ്റ്റാക്കിനെ കാഴ്ചക്കാരനാക്കി വലയില്‍ കയറിയത്. 18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ ഹോസു എടുത്ത കിക്ക് കോര്‍ണറിന് വഴങ്ങി മുംബൈ പ്രതിരോധം രക്ഷപ്പെടുത്തി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കമൊന്നും ആദ്യപകുതിയില്‍ ഉണ്ടായില്ല. അവരുടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മുംബൈ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയും ചെയ്തു. 30-ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ബുള്ളറ്റ് ഷോട്ട് നേരെ ഗ്രഹാം സ്റ്റാക്കിന്റെ കൈകളിലേക്ക്. 41-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ഒരു അവസരം ലഭിച്ചത്. ദിദിയര്‍ കാഡിയോ നല്കിയ സ്ക്വയര്‍ പാസ്സ് സ്വീകരിച്ച് ജെര്‍മന്‍ പായിച്ച ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്നുപറന്നു. ഇതോടെ ആദ്യപകുതിയില്‍ മുംബൈ സിറ്റി 2-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിക് ചൗധരിയെ പിന്‍വലിച്ച് ഹോക്കിപ്പിനെ ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിച്ചു. ആദ്യമായാണ് ഹോക്കിപ്പ് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തുന്നത്. എന്നിട്ടും കാര്യമായ ഒത്തിണം ടീമില്‍ പ്രകടമായില്ല. 51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും രക്ഷപ്പെട്ടു. ബോക്സിന് പുറത്തുനിന്ന് ഫോര്ലാന് എടുത്ത കിക്ക് പോസ്റ്റിനെ ഉരുമ്മി പുറത്ത്. പിന്നീട് 63-ാം മിനിറ്റില്‍ മുംബൈ മൂന്നാം ഗോളും നേടി.
ജിങ്കന് ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത കഫു ഫോര്ലാന് പന്ത് മറിച്ചുനല്‍കി. ഇടതുസൈഡില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫോര്ലാന് അനായാസം പന്ത് വലയിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം നാലാം ഗോള്‍. ഡെഫെഡറിക്കോയുടെ പാസ്സില്‍ നിന്ന് ബ്രസീല്‍ യുവതാരം കഫു പായിച്ച ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ കയറി. നാല് മിനിറ്റിനുശേഷം അഞ്ചാമതും ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി.
ഡെഫെഡെറിക്കോ എടുത്ത കോര്‍ണര്‍ കിക്കാണ് നല്ലൊരു ഹെഡ്ഡറിലൂടെ ലൂസിയന്‍ ഗോയിന് വലയിലെത്തിച്ചത്. പിന്നീട് പരിക്കുസമയത്ത് ഒരു ഗോള്‍ മടക്കാന്‍ ഹോസുവിന് അവസരം ലഭിച്ചെങ്കിലും മുംബൈ ഗോളി അര്മിന്ദര് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: