വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയില്‍. തന്റെ 50-ാം ടെസ്റ്റ് കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോള്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയും ശതകം തികച്ചു. ഇന്നലെ കൡനിര്‍ത്തുമ്പോള്‍ 151 റണ്‍സുമായി കോഹ്‌ലിയും ഒരു റണ്ണുമായി ആര്‍. അശ്വിനും ക്രീസില്‍. 119 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്.
ഇന്ത്യക്കായി ജയന്ത് യാദവ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. അമിത് മിശ്രക്ക് പകരമായാണ് ജയന്ത് ടീമിലെത്തിയത്. പരിക്ക് മാറി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലും മടങ്ങിയെത്തി.
ടോസില്‍ ഭാഗ്യം കടാക്ഷിച്ച കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചാണെന്നതാണ് ഇതിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച തുടക്കം ഓപ്പണര്‍മാരായ മുരളി വിജയും കെ.എല്‍. രാഹുലും ചേര്‍ന്ന് നല്‍കിയില്ല. ഗംഭീറിന് പകരം ഓപ്പണറായി മടങ്ങിയെത്തിയ രാഹുല്‍ രണ്ടാം ഓവറില്‍ പൂജ്യനായി മടങ്ങി. ബ്രോഡിന്റെ പന്തില്‍ സ്‌റ്റോക്‌സിന് ക്യാച്ച്.
നന്നായി തുടങ്ങിയ മുരളി വിജയ് (20) ആന്‍ഡേഴ്‌സന്റെ ബൗണ്‍സറിന് മുന്നില്‍ തലകുനിച്ചപ്പോള്‍ ഇന്ത്യ രണ്ടിന് 22 എന്ന നിലയില്‍ പ്രതിരോധത്തില്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പൂജാരക്കൊപ്പം കോഹ്‌ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ തിരിച്ചുവന്നു. തുടക്കത്തില്‍ സ്‌കോറിങ്ങ് മെല്ലെയായിരുന്നെങ്കിലും നിലയുറപ്പിച്ചശേഷം ഇരുവരും മികച്ച സ്‌ട്രോക്ക് പ്ലേ നടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 226 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. ഇതിനിടെ പൂജാര 184 പന്തില്‍ നിന്നും കോഹ്‌ലി 154 പന്തില്‍ നിന്നും സെഞ്ചുറി തികച്ചു. സ്‌കോര്‍ 99-ല്‍ നില്‍ക്കേ ആദില്‍ റഷീദിനെതി ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറടിച്ചാണ് പൂജാര ശതകം നേടിയത്.
തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ പൂജാര (119)യെ ചായക്ക് ശേഷം മടക്കി ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. 204 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയാണ് പൂജാര 119 റണ്‍സെടുത്തത്. പൂജാരയുടെ പത്താം ടെസ്റ്റ് സെഞ്ചുറി. ടെസ്റ്റിലെ പത്താം സെഞ്ചുറിയിലേക്കെത്തിയത്. പിന്നീട് രഹാനെയെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ 300 കടത്തി.
എന്നാല്‍ കളി തീരാന്‍ രണ്ടോവര്‍ ബാക്കിയിരിക്കെ പുതിയ പന്തെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റ തന്ത്രം ഫലിച്ചു. രഹാനെയെ (23) ആന്‍ഡേഴ്‌സണ്‍ ബെയര്‍സ്‌റ്റോവിന്റെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്തതായെ അശ്വിനെ കൂട്ടുപിടിച്ച് കോഹ്‌ലി ആദ്യ ദിനത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ മൂന്നും ബ്രോഡ് ഒന്നും വിക്കറ്റ് വീഴ്‌ത്തി.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്
മുരളി വിജയ് സി സ്‌റ്റോക്ക്‌സ് ബി ആന്‍ഡേഴ്‌സണ്‍ 20, കെ.എല്‍. രാഹുല്‍ സി സ്‌റ്റോക്ക്‌സ് ബി ബ്രോഡ് 0, ചേതേശ്വര്‍ പൂജാര സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 119, വിരാട് കോഹ്‌ലി നോട്ടൗട്ട് 151, അജിന്‍ക്യ രഹാനെ സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 2, ആര്‍. അശ്വിന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 3, ആകെ നാല് വിക്കറ്റിന് 317.
വിക്കറ്റ് വീഴ്ച: 1-6, 2-22, 3-248, 4-316.
ബൗളിങ്ങ്: ആന്‍ഡേഴ്‌സണ്‍ 16-3-44-3, സ്റ്റുവര്‍ട്ട് ബ്രോഡ് 12-2-39-1, സ്‌റ്റോക്ക്‌സ് 13-3-52-0, അന്‍സാരി 12-1-45-0, ആദില്‍ റഷീദ് 26-1-85-0, മോയിന്‍ അലി 11-0-50-0.
















