പെര്‍ത്ത്: ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ബൗണ്‍സറേറ്റ് ഓസീസ് ടെസ്റ്റ് താരം ആഡം വോഗ്‌സിന് തലയ്‌ക്ക് പരിക്കേറ്റു.
ടാസ്മാനിയക്കെതിരായ മത്സരത്തിനിടെയാണ് കാമറൂണ്‍ സ്റ്റീവന്‍സിന്റെ ബൗണ്‍സറാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ വോഗ്‌സിന്റെ ഹെല്‍മറ്റില്‍കൊണ്ടത്. തുടര്‍ന്ന് വേദനകൊണ്ട് പുളഞ്ഞ വോഗ്‌സ് നിലത്തിരുന്നു.
വോഗസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ശേഷിക്കുന്ന മത്സരങ്ങളില്‍ വോഗസിന്റെ സേവനം വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് നഷ്ടമാവും.
ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ടതിനെത്തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് മറ്റൊരു താരത്തിന് കൂടി ബൗണ്‍സറില്‍ പരിക്കേല്‍ക്കുന്നത്.
















