വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ കളി മുടക്കാന്‍ മഴയുണ്ടായില്ല. എന്നാല്‍ ഒരു നായ മൈതാനത്ത് എത്തിയതോടെ നിശ്ചയിച്ചതിലും നേരത്തെ ഇരുടീമുകള്‍ക്കും ചായയ്‌ക്കായി പിരിയേണ്ടിവന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും ബാറ്റുചെയ്യുമ്പോഴാണ് നായ ഗ്രൗണ്ടിലിറങ്ങി കളി തുടങ്ങിയത്. ആദ്യ തവണ ഗ്രൗണ്ട് സ്റ്റാഫ് ഇതിനെ ഓടിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം നായ വീണ്ടുമെത്തി. ഇക്കുറി ഇതിനെ ഒാടിച്ചുവിടാനെത്തിയ സുരക്ഷാ ജീവനക്കാരനെ ഗ്രൗണ്ടിലൂടെ ഓടിച്ച് വട്ടം ചുറ്റിക്കുകയും ചെയ്തു. പട്ടിക്ക് നേരെ ഷൂ എറിഞ്ഞു നോക്കിയിട്ടും ഫലമുണ്ടായില്ല. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 57-ാം ഓവറിനിടെയാണ് സംഭവം.
പട്ടിയുടെ കളിക്ക് കൈയടിച്ചും കൂകിവിളിച്ചും കാണികള്‍ പ്രോത്സാഹിപ്പിക്കുകയയും ചെയ്തു. ഇതോടെ കളി ചായയ്‌ക്കു പിരിയുന്നതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.
ക്രിക്കറ്റ് ചരിത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നായ കളിച്ചതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി പിരിയേണ്ടിവരുന്നത്. മുമ്പ് നിരവധി മത്സരങ്ങളില്‍ നായകള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കുറച്ചുസമയത്തിനുശേഷം ഇതിനെ ഒഴിവാക്കാന്‍ ഗ്രൗണ്ട് ജീവനക്കാര്‍ക്കു കഴിഞ്ഞിരുന്നു.
















