കണ്ണൂര്‍: ധര്‍മ്മം കൈവെടിയുന്നതാണ് കുടുംബബന്ധം ശിഥിലമാകാന്‍ കാരണമെന്ന് അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ മണ്ഡല പൂജാഘോഷത്തിന് തുടക്കംകുറിച്ച് ഈശ്വരാരാധനയും കുടുംബവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഭദ്രതയ്‌ക്ക് പ്രാധാന്യം നല്‍കിയിരുന്ന നമ്മുടെ ഭാരതീയ പ്രാചീന സംസ്‌കാരത്തിന്റെ നാശമാണ് ഇതിന് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിമാളികകളില്‍ പല കുടുംബങ്ങളിലും ആന്തരികാവസ്ഥ വളരെ മോശമാണ്. സ്‌നേഹം കൊണ്ടേ കുടുംബബന്ധം വളര്‍ത്താന്‍ കഴിയൂവെന്നും അതിനായി ചെറുപ്പത്തിലെ കുട്ടികളെ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലപൂജാഘോഷത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ചുറ്റുവിളക്ക്, നിറമാല എന്നിവയുമുണ്ടായി. ഭാഗ്യശീലന്‍ ചാലാട് സ്വാഗതം പറഞ്ഞു.
















