ലണ്ടന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ യൂറോപ്പിലെ പ്രമുഖര്‍ക്ക് സമനില. അവസാന മിനിറ്റ് ഗോളില്‍ സ്‌പെയ്ന്‍, ഇംഗ്ലണ്ടിനെ തളച്ചപ്പോള്‍ (2-2), ഇറ്റലി-ജര്‍മനി മത്സരം ഗോള്‍രഹിത സമനിലയില്‍. ഫ്രാന്‍സിനെ ഐവറി കോസ്റ്റും ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടി.
വെംബ്ലിയില്‍ ഇഞ്ചുറി സമയത്ത് ഇസ്‌കൊ നേടിയ ഗോളില്‍ സ്‌പെയ്ന്‍ ഇംഗ്ലണ്ടിനെ കുരുക്കി. 89ാം മിനിറ്റ് വരെ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷം ആതിഥേയര്‍ക്ക് തിരിച്ചടി. 89ാം മിനിറ്റില്‍ ഇഗൊ അസ്പാസാണ് സ്‌പെയ്‌നിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഒമ്പതാം മിനിറ്റില്‍ ആദം ലല്ലാനയും 48ാം മിനിറ്റില്‍ ജാമി വാര്‍ഡിയും ഇംഗ്ലണ്ടിന് ലീഡ് നല്‍കി. അവസാന മിനിറ്റുകളിലെ അലസത കളി നഷ്ടപ്പെടുത്തി.
സ്വീഡന്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് ഹംഗറിയെ കീഴടക്കി. സാം ലാര്‍സണ്‍, ഐസക്ക് തെലിന്‍ സ്‌കോറര്‍മാര്‍. ഉക്രൈന്‍ 2-0ന് സെര്‍ബിയയെ കീഴടക്കി. കരുത്തരുടെ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കും ഡെന്‍മാര്‍ക്കും സമനിലയില്‍ പിരിഞ്ഞു (1-1).
ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് വടക്കന്‍ അയര്‍ലന്‍ഡിനെ കീഴടക്കി. മരിയൊ മന്‍സുകിച്ച്, ദുജെ കോപ്, ആന്ദ്രെ ക്രമാറിക് സ്‌കോറര്‍മാര്‍. ഓസ്ട്രിയ, സ്ലൊവാക്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, മൊറാക്കൊ 2-1ന് ടോഗെയെ കീഴടക്കി.
















