സാന്‍ യുവാന്‍: ആരാധകരെ ആവേശത്തിലാഴ്‌ത്തി ലയണല്‍ മെസിയും അര്‍ജന്റീനയും തിരിച്ചെത്തി. മെസിയുടെ മാന്ത്രികതയില്‍ എണ്ണം പറഞ്ഞ മൂന്നു ഗോള്‍ വലയിലാക്കി കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ സജീവമാക്കി. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ബ്രസീല്‍ എതിരില്ലാതെ കുതിക്കുന്നു.
സാന്‍ യുവാനിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് വിരുന്നായി അര്‍ജന്റീനയുടെ പ്രകടനം. ഒരു ഗോള്‍ കണ്ടെത്തുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത മെസി കളിയിലെ താരം. പത്താം മിനിറ്റില്‍ ഫ്രീക്കിലൂടെ അര്‍ജന്റൈന്‍ നായകന്‍ ടീമിനെ മുന്നിലെത്തിച്ചു. കൊളംബിയ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീ കിക്കില്‍ ഗോള്‍. മെസിയുടെ ഇടംങ്കാലില്‍നിന്നുതിര്‍ന്ന ഷോട്ട് എതിര്‍ പ്രതിരോധമുയര്‍ത്തിയ മതിലിനു മുകളിലൂടെ പോസ്റ്റിനു വലതു മുകള്‍ മൂലയിലൂടെ വലയില്‍. 23ാം മിനറ്റില്‍ ലൂക്കാസ് പ്രാറ്റൊ രണ്ടാം ഗോള്‍ നേടി. മെസിയുടെ പാസ് സ്വീകരിച്ച് ഗോള്‍. 84ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന പട്ടിക തികച്ചു. മെസിയുടെ പ്രതിഭാ സ്പര്‍ശമുണ്ടായിരുന്നു ഗോളിനു പിന്നില്‍. ഒറ്റയ്‌ക്കു മുന്നേറി പന്ത് പോസ്റ്റിനടുത്ത് വച്ച് മരിയക്കു നല്‍കി. മരിയയത് കൃത്യതയോടെ വലയിലെത്തിച്ചു. ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കു കയറി അര്‍ജന്റീന.
തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീല്‍, പെറുവിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്‌മറുടെ ഫോമില്ലായ്‌മ വലച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി മുഴുവന്‍ പോയിന്റും സ്വന്തമാക്കി മഞ്ഞപ്പട. 58ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും 78ാം മിനിറ്റില്‍ റെനാറ്റൊ അഗസ്റ്റൊയുമാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബ്രസീല്‍ ഒന്നാമത് തുടരുന്നു.
കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും ജയം കണ്ടു. ഒന്നിനെതിരെ മൂന്നു ഗോളിന് ഉറുഗ്വെയെ തോല്‍പ്പിച്ചു. 17ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയിലൂടെ ഉറുഗ്വെ മുന്നിലെത്തിയെങ്കിലും അലക്‌സി സാഞ്ചസിന്റെ ഇരട്ട ഗോള്‍ ചിലിക്ക് ജയം നല്‍കി. 60, 76 മിനിറ്റുകളില്‍ സഞ്ചസ് ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ വര്‍ഗാസിലൂടെ ചിലി സമനില പിടിച്ചത്.
മറ്റു മത്സരങ്ങളില്‍ ഇക്വഡോര്‍, വെനസ്വേലയെയും (3-0), ബൊളീവിയ, പരാഗ്വെയെയും (1-0) തോല്‍പ്പിച്ചു. ഇക്വഡോറിനായി അര്‍ട്യുറൊ മിന, മിലര്‍ ബൊലനസ്, എന്നര്‍ വലന്‍സിയ എന്നിവര്‍ ലക്ഷ്യം കണ്ടു. ഗുസ്താവൊ ഗോമസിന്റെ സെല്‍ഫ് ഗോളില്‍ ബൊളീവിയ ജയം കണ്ടത്.
പന്ത്രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 27 പോയിന്റുമായി ബ്രസീല്‍ മുന്നില്‍ നില്‍ക്കുന്നു. തോറ്റെങ്കിലും ഉറുഗ്വെ (23) രണ്ടാമത് തുടരുന്നു. ഇക്വഡോര്‍ (20), ചിലി (20), അര്‍ജന്റീന (19), കൊളംബിയ (18) തുടര്‍ സ്ഥാനങ്ങളില്‍.
















