.ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍ ടീമംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു
വിശാഖപട്ടണം: സമീപകാല ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് മധ്യനിര ബാറ്റ്‌സ്മാന്‍ ജോ റൂട്ടും. ഇരു ടീമുകളുടെയും വിജയങ്ങള്‍ക്കു പിന്നില്‍ ഇവരുടെ പ്രതിഭയും മികവും ഏറെയുണ്ട്. വിശാഖപട്ടണത്ത് ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുമ്പോള്‍ ശ്രദ്ധയെല്ലാം ഇവരിലേക്ക്. ഇരുവര്‍ക്കുമിത് 50ാം ടെസ്റ്റ്. അമ്പതില്‍ വിജയത്തിന്റെ പഞ്ചാമൃതം നുകരുക വിരാടോ റൂട്ടോ? ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകാന്‍ ഇവര്‍ക്കാകുമോ? വിശാഖപട്ടണം വേദിയാകുന്ന ആദ്യ ടെസ്റ്റ് ഇതിനുത്തരം നല്‍കും.
രാജ്‌കോട്ടില്‍ മേല്‍ക്കൈ ഇംഗ്ലണ്ടിന്. മൂന്നു സ്പിന്നര്‍മാരുമായി ഇരു ടീമുകളും കളിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ആദില്‍ റഷീദ്, സഫര്‍ അന്‍സാരി എന്നിവര്‍ അശ്വിന്‍, ജഡേജ, മിശ്ര ത്രയത്തേക്കാള്‍ മികച്ചു നിന്നു. ബാറ്റിങ്ങിലും സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം. രണ്ടിന്നിങ്‌സിലുമായി നാലു സെഞ്ചുറികള്‍ പിറന്നു. എന്നാല്‍, തിരിച്ചടിക്കാനുള്ള കഴിവാണ് വിരാടിന്റെ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. രാജ്‌കോട്ടിലേത് അവിടെ കഴിഞ്ഞുവെന്ന നിലപാടാണ് വിരാടിനും പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്കും. സ്പിന്നര്‍മാരുടെ വീഴ്ചകള്‍ കുംബ്ലെ ഇടപെട്ട് പരിഹരിക്കുമെന്ന വിശ്വാസത്തില്‍ ടീം.
ഓപ്പണിങ് സ്ഥാനത്തേക്ക് കെ.എല്‍. രാഹുലിന്റെ തിരിച്ചുവരവാണ് പ്രത്യേകത. വിജയ്‌ക്കൊപ്പം രാഹുലാകും ആദ്യ ഇലവനിലെന്ന് കുംബ്ലെയും വിരാടും വ്യക്തമാക്കിക്കഴിഞ്ഞു. തിരിച്ചുവരവില്‍ വലിയ പ്രകടനത്തിനാകാത്ത ഗൗതം ഗംഭീര്‍ പുറത്തിരിക്കേണ്ടിവരും. എന്നാല്‍, ഗംഭീറിനെ 16 അംഗ ടീമില്‍ നിലനിര്‍ത്തി. അഞ്ച് ബൗളര്‍മാര്‍ എന്നതില്‍ മാറ്റത്തിനു മുതിരില്ല വിരാട്. ചേതേശ്വര്‍, വിരാട്, അജിങ്ക്യ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ബാറ്റിങ്ങില്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നര്‍മാരുടെ റോളിലുണ്ടാകും. മൂന്നാം സ്പിന്നറായി അമിത് മിശ്രയെത്തുമെന്ന് പ്രതീക്ഷ. രാജ്‌കോട്ടില്‍ മികവുകാട്ടാനായില്ല മിശ്രയ്‌ക്ക്. ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങാന്‍ സാധ്യത. അങ്ങനെയെങ്കില്‍ മിശ്ര പുറത്തിരിക്കേണ്ടിവരും.
പേസ് ബൗളിങ് വിഭാഗത്തില്‍ ഇഷാന്ത് ശര്‍മ തിരിച്ചെത്തുമോയെന്നതില്‍ തീരുമാനമായില്ല. മുഹമ്മദ് ഷാമിയും ഉമേഷ് യാദവുമാണ് രാജ്‌കോട്ടില്‍ കളിച്ചത്. ജയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ക്യാമ്പ്. എന്നാല്‍, മാനെജ്‌മെന്റ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ശേഷം മതി ആന്‍ഡേഴ്‌സണ്‍ കളിക്കുന്നതെന്നാണ് പൊതുവികാരം.
ആന്‍ഡേഴ്‌സണില്ലാതെ ആദ്യ കളിയില്‍ ഇന്ത്യയെ വിറപ്പിക്കാനായതും തീരുമാനത്തിനു പിന്നില്‍. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ആദ്യ ടെസ്റ്റായതിനാല്‍ പിച്ചിനെക്കുറിച്ച് ധാരണയില്ല. രാജ്‌കോട്ടിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നില്ലെന്ന് കുംബ്ലെയും വിരാടും ഒരേ സ്വരത്തില്‍ പറഞ്ഞതില്‍ കാര്യങ്ങള്‍ വ്യക്തം. രാവിലെ ഒമ്പതരയ്‌ക്ക് മത്സരം തുടങ്ങും
















