മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഓപ്പണര്‍ കെ.എല്‍. രാഹുലിനെ തിരിച്ചുവിളിച്ചു. തുടയിലേറ്റ പരിക്കു മൂലം ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം ലഭിച്ചിരുന്നില്ല കര്‍ണാടക താരത്തിന്. വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ ഗൗതം ഗംഭീറിനു പകരം രാഹുല്‍ ടീമിലിടം കണ്ടേക്കും.
തിരിച്ചു കളത്തിലെത്തിയ രാഹുല്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിനായി കളിക്കുന്നു. രാജസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ 76, രണ്ടാമത്തേതില്‍ 106 റണ്‍സ് നേടി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദും, സെലക്റ്റര്‍ ശരണ്‍ദീപ് സിങ്ങും രാഹുലിന്റെ പ്രകടനം വിലയിരുത്തി. ടീം ഫിസിയൊയും താരത്തെ പരിശോധിച്ചു.
ഗംഭീറിന്റെ മോശം പ്രകടനമാണ് രണ്ടു ടെസ്റ്റിനായി പ്രഖ്യാപിച്ച ടീമില്‍ മാറ്റം വരുത്താന്‍ സെലക്റ്റര്‍മാരെ പ്രേരിപ്പിച്ചത്. ആദ്യ ടെസ്റ്റില്‍ 29, പൂജ്യം എന്നിങ്ങനെയായിരുന്നു ദല്‍ഹി ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരെ അര്‍ധസെഞ്ചുറി നേടിയതൊഴിച്ചാല്‍ വലിയ നേട്ടമില്ല. എം. വിജയ്‌ക്കൊപ്പം മികച്ച തുടക്കം നല്‍കിയിട്ടുള്ള രാഹുല്‍ ഇപ്പോള്‍ മികച്ച ഫോമിലുമാണ്.
















