ഉറങ്ങുമ്പോഴും മൊബൈല്‍ ഫോണ്‍ തലയിണക്കീഴില്‍ സൂക്ഷിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്‌ക്കുന്നതുപോലും സ്വന്തം ശരീരത്തോട് ചേര്‍ന്നാണെങ്കില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ ഓസ്‌ട്രേലിയക്കാരിയായ മെലാനി ടാന്‍ പെലേസിന് സംഭവിച്ചത് ഇവിടെയും ആവര്‍ത്തിച്ചേക്കാം.
ഐഫോണ്‍ 7 ചാര്‍ജ് ചെയ്യാന്‍ വച്ച്, അതിനുമീതെ കൈയും വച്ച് ഉറങ്ങുക മാത്രമേ മെലാനി ചെയ്തുള്ളു. ഐഫോണ്‍ ചതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതുമില്ല. സൂചികുത്തുന്നതുപോലുള്ള വേദന അനുഭവപ്പെട്ടപ്പോഴാണ് ഗര്‍ഭിണിയായ മെലാനി ഞെട്ടിയുണര്‍ന്നത്. നോക്കുമ്പോള്‍ കൈത്തണ്ട പൊള്ളിത്തിണര്‍ത്തിരിക്കുന്നു.
ഏതായാലും തനിക്കുണ്ടായ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാവാതിരിക്കാന്‍ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കാനും മെലാനി മറന്നില്ല. അടുത്തിടെ വാങ്ങിയ ആപ്പില്‍ ഐഫോണ്‍ 7 ചാര്‍ജ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയതായും വേദനയും തരിപ്പും തോന്നി ഉണര്‍ന്നപ്പോള്‍ കൈത്തണ്ടയില്‍ പൊള്ളലേറ്റുവെന്ന് മനസ്സിലായെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പൊള്ളലേറ്റ ഭാഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. തുടക്കം മുതലേ ഐഫോണ്‍ ഉപയോഗിക്കുന്ന തനിക്ക് ഇതിന് മുമ്പ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും മെലാനി പറയുന്നു.
















