വിവേകാനന്ദ സ്വാമികളുടെ ഭാരത ജാഗരണത്തോടെ ഇവിടത്തെ ശ്രദ്ധാലുക്കള്ക്കും ജിജ്ഞാസുക്കള്‍ക്കും ഉത്തമബോധമായിക്കഴിഞ്ഞതാണ് ഭാരതം ഒരു രാഷ്ട്രമാണെന്നും അതിന്റെ പ്രാണന് സംസ്കൃതം ആണെന്നും, ഇതു മറിച്ചിടാന്‍ വേണ്ടി പാശ്ചാത്യ ബുദ്ധിശാലികള്‍ പടച്ചുവിട്ട കപടവിദ്യകള്ക്കൊന്നും ഏറെക്കാലം നില്ക്കക്കള്ളിയില്ലെന്നും.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ സി. നാരായണറാവു തൊട്ട് അന്തിമദശകത്തില്‍ രമീല ഥാപ്പര്വരെ ഗവേഷണം ചെയ്തു കണ്ടെത്തിയ വസ്തുതകള്‍, പോയ നൂറ്റാണ്ടില്‍ സ്വാമികള്‍ ഹൃദയത്താലറിഞ്ഞ സത്യത്തെ ശരിവയ്ക്കുന്നുണ്ട്. എങ്കിലും അദ്ഭുതത്തോടെയും അമര്‍ഷത്തോടെയും ഞാന്‍ കുറിക്കട്ടെ, പാശ്ചാത്യ വിദ്യയുടെ പളപളപ്പും ധാടിയുംകൊണ്ട് പദവിയും അധികാരവും നേടിയ വരേണ്യവര്‍ഗം ഇനിയും പകല്‍ വെട്ടത്തിലേക്കുണര്ന്നിട്ടില്ല. പാശ്ചാത്യമോഡലിലുള്ള പ്ലാനിങ്ങും വികസനവും വഴി ‘അനന്തമായ ഭൗതികപുരോഗതി’യുടെ അടുത്ത നൂറ്റാണ്ടിലേക്ക് ഈ പാവം നാടിനെ തച്ചുയര്ത്താം എന്നും, വിദേശനാണ്യം എന്ന പരമപുരുഷാര്‍ത്ഥം നേടാന്‍ വേണ്ടി ടൂറിസ വികസനം എന്ന വാമാചാരം ശീലിച്ചുകൊണ്ടാല് മതിയെന്നും, അന്താരാഷ്ട്ര സമൂഹത്തെയാകെ നമുക്ക് പഴയ പഞ്ചശീല ജാടകൊണ്ട് മയക്കിയെടുക്കാം എന്നും ഒക്കെ ഇന്നും കരുതപ്പെടുന്നു.
ഒരു കാര്യത്തില്‍ പക്ഷേ ഞാന്‍ അക്കൂട്ടരുടെ പിഴയ്ക്കാത്ത ഉള്‍ക്കാഴ്ചയെ വാഴ്ത്തുന്നു; തങ്ങളുടെ ശത്രു സംസ്കൃതഭാഷ ആണെന്ന് ആഴത്തില്‍ അവര്‍ അറിയുന്നു. അതില്‍ സഞ്ചിതമായ സംസ്കാരവൈദ്യുതിയാണ് തൊട്ടാല്‍ തങ്ങളെ ചാമ്പലാക്കാന്‍ പോകുന്നതെന്നും അവര്‍ക്ക് നിശ്ചയമുണ്ട്. കവിതയും സയന്‍സും വാസ്തുവിദ്യയും വൈദ്യവും നിയമവും ഭരണവും ഇന്നാട്ടിലെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തില്‍നിന്ന് അന്യമായി തുടരണമെങ്കില്‍, ഇന്നും ഭാരതത്തിലെവിടെയും ചെലവാകുന്ന സംസ്കൃതതത്സമങ്ങളുടെയും സംസ്കൃത സങ്കല്പനങ്ങളുടെയും പിടിയില്‍ പെടാതെ, തൊട്ട് അശുദ്ധമാകാതെ, അവയെ സംരക്ഷിക്കണം.
അതിനുള്ള കൈക്കൊണ്ട വിദ്യയാണല്ലൊ സംസ്കൃതം മൃതഭാഷയാണ് എന്ന വായ്ത്താരി ഉറക്കെയുറക്കെ പ്രക്ഷേപിക്കുക; അത് ജാതിമേധാവിത്തത്തിന്റെ മേലങ്കിയാണ് എന്ന് ഉരിവിട്ടുരുവിട്ടു മസ്തിഷ്കപ്രക്ഷാളനം നടത്തുക; എന്നിട്ടും അതിനെ നിലനിര്‍ത്താന്‍വേണ്ടി എന്ന പേരില്‍ പുതിയ പുതിയ സ്ഥാനങ്ങള്‍ പടുത്തുയര്‍ത്തി ധനദുര്‍വ്യയം ചെയ്തു വഷളായ രീതിയില്‍ പ്രോത്സാഹനം നല്‍കുക; ഒടുക്കം സംസ്കൃതം എന്നാല്‍ വെറും പാഴ്വേല മാത്രം എന്ന് സ്ഥാപിച്ചെടുക്കുക!
പഴയ പോരാളിയായ തായാട്ടു ശങ്കരന് മാസ്റ്റര്‍ പറയുമായിരുന്നു, നമ്മുടെ രാഷ്ട്ര ഭാഷ സംസ്കൃതമാണ്, ആയിരിക്കണം എന്ന്. ഇന്നും ആ നിരീക്ഷണത്തിന്റെ മാറ്റു കുറഞ്ഞിട്ടില്ല. വ്യാകരണത്തിന്റെ മര്‍ക്കടമുഷ്ടി ഒന്ന് അയച്ചുവിട്ടാല്‍, ഇക്കാലത്തും അനായാസമായി ഉത്തരാഖണ്ഡിലെ പഹാഡികള്‍ തൊട്ടു കന്യാകുമാരിയിലെ തമിഴന്മാര്വരെയുള്ളവര് സംസ്കൃതത്തില്‍ പറഞ്ഞാല്‍ കാര്യം ഗ്രഹിക്കാന്‍ പ്രാപ്തന്മാരാകുന്നു. ഇക്കാര്യം സെമിനാറുകളിലോ സര്‍ക്കാര്‍ റെക്കോര്‍ഡിലോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല.
ടൂറിസ്റ്റ് ഗൈഡുകളെയും ഹോട്ടലുകളെയും ആശ്രയിക്കാതെ ആസേതുഹിമാചലം തീര്‍ത്ഥയാത്ര ചെയ്യാന്‍ തയ്യാറാകുന്ന ഏതു സാധാരണക്കാരനും അനുഭവമാകുന്ന പരമാര്‍ത്ഥമാണ് ഇത്. ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണരുടെ കാര്യത്തില്‍ ഈ പരമാര്‍ത്ഥം ഏറെ പ്രസക്തമാകുന്നു. പുഴയില്‍ കുളിക്കുന്നതുപോലെയും, പടിഞ്ഞിരുന്നു ചോറുണ്ണുന്നതുപോലെയും സ്വാഭാവികമായി, ഭാരതീയന്റെ നാവില്‍നിന്നുയരുന്ന വാങ്മയം അതിന്റെ വ്യാപാരം മുറയ്ക്കു നടത്തിക്കൊള്ളും.
സര്‍ക്കാരിന് വിശേഷാല്‍ ചെലവ് കൂടാതെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വിദ്യാലയങ്ങളില്‍ ഭാരത ചരിത്രം, കാവ്യമീമാംസ, ദര്‍ശനങ്ങള്‍, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് അനുബന്ധമോ സഹായകമോ ആയി സംസ്കൃത പരിചയം നിശ്ചയിക്കുക എന്നത്.
ആവശ്യമുണ്ടെന്ന് വന്നാല്‍ സന്നാഹങ്ങള്‍ സ്വയം വളര്‍ന്നുവരും. ഇപ്പോള്‍ കുഗ്രാമങ്ങളില്‍പ്പോലും കമ്പ്യൂട്ടര്‍ പരിശീലനം നടക്കുന്നുണ്ടല്ലോ. അതേപോലെ, ആരുടെയും പ്രോത്സാഹനത്തിനു കാത്തുനില്‍ക്കാതെ, പഴയ കളരിത്തറകളുടെ പശമണ്ണില്‍നിന്ന് സംസ്കൃതവും പൊടിച്ചു പൊന്തിക്കൊള്ളും. പക്ഷേ അതിനുവേണ്ട സുപ്രധാനമായ രാഷ്ട്രീയ തീരുമാനവും രാഷ്ട്രീയ ഇച്ഛയും അധികൃത സ്ഥാനത്തുനിന്ന് ഉണ്ടായേ പറ്റൂ.
ഏറെ പ്രധാനമായ മറ്റൊന്നുകൂടി: നമ്മുടെ പ്രതിനിധികളായി അംബാസഡര്‍ പദവിയില്‍ നമ്മുടെ ചെലവില്‍, വിദേശത്ത് സുഖസേവനം അനുഷ്ഠിക്കുന്ന മാന്യന്മാരില് ബഹുഭൂരിപക്ഷത്തിനും നമ്മുടെ സംസ്കൃതഭാഷയെപ്പറ്റി പരിപൂര്‍ണമായ അജ്ഞതയാണ് ഉള്ളത്. അവശേഷിക്കുന്ന ന്യൂനപക്ഷത്തിനോ, കടുത്ത അവജ്ഞയും! അതേസമയം, വിദേശങ്ങളില്‍ ഇന്നും ഭാരതത്തിന്റെ മതിപ്പ് ശൂന്യമാകാതെ നിലനില്‍ക്കുന്നത് അക്ഷയമായ ഈ ഭാഷയുടെ സംസ്കാരത്തിന്റെ ബലത്തിന്മേലാകുന്നു. നമ്മുടെ നേതാക്കന്മാരും അവരുടെ നയവിശേഷങ്ങളും ഒക്കെക്കൂടി പുറമേ ഉളവാക്കുന്ന പ്രതിച്ഛായ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അതുവലിയ ഒരളവില്‍ ശരിയാണെന്നുമാണ് അനുഭവം. പക്ഷേ വിദ്യാവ്യസനികള്‍ ഇന്നും ആദരവോടെ കാതോര്‍ക്കുന്ന ഒന്നത്രേ സംസ്കൃതത്തിന്റെ ശബ്ദവും അതു പകര്‍ന്നുതരുന്ന സുഖവും അതു പ്രസരിപ്പിക്കുന്ന വിവേകവും. ഗ്രീസിലും അയര്‍ലന്റിലും ഏകാകിയായി ഏതാനും നാള് ചുറ്റിനടന്നു ഞാന്‍ നേടിയ ആഹ്ലാദമയമായ തിരിച്ചറിവാണ് മുകളില്‍ കുറിച്ചത്-കേട്ടറിവല്ല. നമുക്ക് ഒരു വിദേശകാര്യവകുപ്പും നയതന്ത്രവും വേണമെന്നുള്ള പക്ഷം നമ്മുടെ ഏറ്റവും പ്രമാണപത്രം സംസ്കൃതമാണ് എന്ന സത്യം നാം മുറുകെപ്പിടിക്കുക. ഐഎഫ്എസ് നല്കി വിദേശ സേവനത്തിന് നാം ഒരുക്കിയെടുക്കുന്ന ചെറുപ്പക്കാര്‍ക്ക് സംസ്കൃത വിജ്ഞാനം നിര്‍ബന്ധമാക്കുന്ന ദിവസം ഭാരതഭാഗ്യത്തിന്റെ ശുക്രനക്ഷത്രം ഉദിക്കുമെന്ന കാര്യത്തില്‍ എനിക്കൊരു ശങ്കയുമില്ല.
കോളണി ഭരണത്തിന്റേതായ നൂറ്റാണ്ടുകള്‍ ചുമലിലേറ്റിയ നുകം വലിച്ചെറിഞ്ഞുണരുന്ന പഴയ സംസ്കൃതികളുടെ ജനപദങ്ങള്ക്ക് സ്വയം തിരിച്ചറിയുവാനും വര്ഗസ്മൃതികളുടെ സ്വര്ണപ്പൂട്ടു തുറക്കുവാനും ഉപകരിക്കുന്ന വിലപ്പെട്ടൊരു താക്കോലാണ് ഭാരതത്തിന്റെ ഈ പഴമൊഴി എന്ന വാസ്തവം മറക്കേണ്ട.
ഭാരതസംസ്കാരത്തിന്
ജീവനാഡികേ! നിന്റെ
നീരുറവകള്‍ വറ്റാ-
തിരിക്കും കാലത്തോളം
എത്രയും ദരിദ്രമായ്
ദീനമായിരുന്നാലും
നിത്യവും സ്വര്ഗത്തോടു
സല്ലപിക്കുമീ രാജ്യം
വൈലോപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: