പരമപുരുഷനായ ശ്രീകൃഷ്ണഭഗവാനാണ് പരമമായ സത്യം എന്നത്രേ ഗീതാശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു. ഈ വസ്തുത ഭഗവാന് സ്വയം പ്രഖ്യാപിക്കുന്നു.
”വേദൈശ്ച സര്‍വൈഃ
അഹമേവ വേദ്യഃ”
(സകലവിധ വേദവാക്യങ്ങളിലൂടെയും അറിയേണ്ടത് എന്നെത്തന്നെയാണ്) ഗീത-15-15
”മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ!
(എന്നെക്കാള്‍ ശ്രേഷ്ഠമായിട്ട് ഒരു സത്യവും ഒരു തത്വവും ഇല്ല. ഞാനാണ് പരമാത്മാവും).
ബ്രഹ്മണോഹി പ്രതിഷ്ഠാഹം
(വേദാന്തികള്‍ പരതത്ത്വമായി പറയുന്ന ബ്രഹ്മം എന്നിലാണ് സ്ഥിതിചെയ്യുന്നത്.)
ശ്രീശങ്കരാചാര്യരും വ്യാഖ്യാനിക്കുന്നു.
ബ്രഹ്മവും പരമാത്മാവും ശ്രീകൃഷ്ണഭഗവാന് തന്നെ.
”ബ്രഹ്മശബ്ദ വാ ച്യത്വാല്
സവികല്പകം ബ്രഹ്മഃ തസ്യ ബ്രഹ്മണഃ
നിര്വികല്പകഃ അഹമേവ, ന അന്യ
പ്രതിഷ്ഠാ = ആശ്രയഃ ” (ഗീത-14.27)
ശ്രീകൃഷ്ണനാകുന്ന സൂര്യന്റെ രശ്മികള്‍ പോലെ ബ്രഹ്മവും രശ്മികളില്‍നിന്ന് ലോകം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്ന വെയില്പോലെ പരമാത്മാവും സ്ഥിതി ചെയ്യുന്നു. സൂര്യന് എന്നുപറഞ്ഞാല്‍ രശ്മികളും വെയിലും ഉള്പ്പെടുന്നപോലെ. ശ്രീകൃഷ്ണന് എന്നുപറഞ്ഞാല്‍ ബ്രഹ്മവും പരമാത്മാവും ഉള്‍പ്പെടുന്നു.
ഈ തത്ത്വജ്ഞാനമാകുന്ന പ്രകാശത്തില്‍ മാത്രം ബുദ്ധിയെ പ്രവര്‍ത്തിപ്പിക്കുന്നവര്‍-തദ്ബുദ്ധികള്.
മനസ്സിനെ മറ്റെങ്ങും ഓടിപ്പോകാതെ, ഭഗവാനില്‍ തന്നെ വീണ്ടും വീണ്ടും പിടിച്ചുനിര്‍ത്തുന്നവര്‍-തദാത്മാക്കള്.
ഭഗവാന്റെ സ്വരൂപവും ഗുണങ്ങളും ധ്യാനിച്ചുകൊണ്ട്, ഭഗവാനുമായുള്ള തന്റെ ബന്ധം പരിശീലിക്കുന്നവര്‍-തന്നിഷ്ഠന്മാര്.
ഭഗവാന് തന്നെയാണ് നമ്മുടെ മൂലസ്വരൂപം-കത്തിജ്വലിക്കുന്ന അഗ്നിജ്വാല തന്നെയാണ് തീപ്പൊരികളുടെ മൂലസ്വരൂപം. പ്രാപ്യസ്ഥാനവും അതുതന്നെ. ജീവാത്മാക്കളുടെ ലക്ഷ്യം ശ്രീകൃഷ്ണ ഭഗവാന് തന്നെയാണ് എന്ന് മനനം ചെയ്യുന്നവര്‍ അറിയുന്നു.
ഈ രീതിയില്‍ ജീവിതം തുടരുന്നവര്‍ പുനര്ജന്മത്തിന് കാരണമായ പാപദോഷങ്ങള്‍ നശിച്ച്, പുനരാവൃത്തി- (വീണ്ടും ഭൗതിക പ്രപഞ്ചത്തിലേക്ക് നിപതിക്കേണ്ട അവസ്ഥ) ഇല്ലാത്ത ശ്രീകൃഷ്ണഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുന്നു. മറ്റ് എല്ലാ ലോകങ്ങളും പുനരാവൃത്തി സ്വഭാവം ഉള്ളവയാണ്, ഭഗവാന് പറയുന്നു.
”ആ ബ്രഹ്മഭുവനാല് ലോകാഃ
പുനരാവത്തിനോളര്ജുന!”
(ബ്രഹ്മലോകം മുതല്‍ ഏതു ലോകത്തില്‍ എത്താന്‍ കഴിഞ്ഞാലും യോഗികളായ ജീവന്മാര് വീണ്ടും ജനിക്കേണ്ടിവരും. ആ ലോകങ്ങളെല്ലാം നശിക്കുന്നവയുമാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: