തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടത്പക്ഷ സംഘടനയായ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ-ബെഫിയുടെ സമ്മേളനത്തിന് തൊടുപുഴയ്ക്ക് പോയതോടെ സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തനം അവതാളത്തിലായി. 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ രൂപയുടെ മാറ്റത്തിനും വിവിധ ധനവിനിമയത്തിനുമായി ബാങ്കുകളില്‍ എത്തിയ ഇടപാടുകാര്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍.
എട്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് നാലോ അഞ്ചോമാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതോടെ നോട്ട് മാറുവാനും മറ്റ് ആവശ്യങ്ങള്‍ക്കും എത്തിയവര്‍ ഇരട്ടി നേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതും തടസ്സപ്പെട്ടു. പലയിടത്തും എടിഎമ്മുകളില്‍ പ്രവര്‍ത്തനരഹിതമെന്ന് ബോര്‍ഡ് വച്ചു. നോട്ടുമാറ്റം സംസ്ഥാനത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വരുത്തിതീര്‍ക്കുവാന്‍ ഇടത്പക്ഷ സംഘടനകളുടെ ശ്രമം നടക്കുന്നുണ്ടെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പല ബാങ്കുകളിലും ജീവനക്കര്‍ ചില്ലറക്ഷാമവും സൃഷ്ടിച്ചു. പണം മാറാനെത്തിയവര്‍ക്ക് 50രൂപയുടെ ഉള്‍പ്പെടെ നോട്ടുകള്‍ നല്‍കാതെ രണ്ടായിരത്തിന്റ നോട്ടുകള്‍ മാത്രം നല്കി. ഇതോടെ ചില്ലറയില്ലായെന്നുള്ള പരാതിയും ഉണ്ടായി.
ഇന്നലെയും ഇന്നുമായാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇന്നലെ പകുതി സംഘടനാ പ്രവര്‍ത്തകര്‍ മാത്രമാണ് സമ്മേളന പ്രതിനിധികളായി എത്തിയത്. ഇന്ന് മുഴുവന്‍ പ്രവര്‍ത്തകരും എത്തണമെന്ന് സംഘടനാ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്കായി ഞായറാഴ്ച ബാങ്ക് പ്രവര്‍ത്തിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിക്കാനാണ് ഇടത് ശ്രമം. കൂടുതല്‍ ഉദ്യോഗസ്ഥര്‍ സമ്മേളനത്തിന് പോകുന്നതോടെ ബാങ്ക് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തടസ്സം നേരിടും. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബാങ്കുകളിലേക്ക് എത്തുന്ന സമയത്തെ സമ്മേളനം മാറ്റി വയ്ക്കണമെന്ന് സിപിഐയുടെ സംഘടനയും ആവശ്യപ്പെട്ടിട്ടും സമ്മേളനം മാറ്റുവന്‍ സിപിഎം തയ്യാറായില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക്
തിരുവനന്തപുരം: 500, 1000 രൂപകളുടെ നോട്ടുകള്‍ സ്വകാര്യ ആശുപത്രികളില്‍ എടുക്കാതെ വന്നതോടെ ജനം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഒഴികിയെത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയും തിരക്ക് അനുഭവപ്പെട്ടു.
പിന്‍വലിച്ച നോട്ടുകള്‍ എടുക്കാതെ വന്നതോടെ ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ പോലും ഡിസ്ചാര്‍ജ് വാങ്ങി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി. ചെറിയ രോഗങ്ങള്‍ക്ക് പോലും സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചിരുന്നവര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ഒഴുകിയത് ആശുപത്രികളില്‍ നീണ്ട ക്യൂ സൃഷ്ടിച്ചു. തൈക്കാട് കുട്ടികളുടെ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും പതിവിലും തിരക്ക് അനുഭവപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: