തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് സെക്രട്ടറി കെ.എം. ബഷീറിന്റെ സസ്പെന്ഷന് റദ്ദ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവായി. ദിവാന്‍ജിമൂല മേല്‍പ്പാലം തറക്കല്ലിടലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മേയര്‍ അജിതാ ജയരാജന് നല്കിയ പരാതിയെ തുടര്‍ന്നാണ് കോര്പ്പറേഷന് സെക്രട്ടറി കെ.എം.ബഷീറിനെ സസ്പെന്റ് ചെയ്തത്. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.ബഷീര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്പെന്ഷന് റദ്ദ് ചെയ്തത്. സസ്പെന്‍ഷനിലായിരുന്ന കാലാവധി ചുമതലയിലുള്ളതായി പരിഗണിച്ച് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
മതിയായ കാരണങ്ങളില്ലാതെയാണ് സസ്പെന്ഷന് നടപടിയെന്ന് ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് ടി.ആര് രാമചന്ദ്രന് നായര്‍, ട്രൈബ്യൂണല്‍ അംഗം കെ ജോസ് സിറിയക് എന്നിവരടങ്ങിയ ബഞ്ച് പ്രസ്താവിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്റെ മേല്പ്പാലനിര്മ്മാണോദ്ഘാടനച്ചടങ്ങില് പങ്കെടുക്കാത്തതിന്റെ പേരിലാണ് മേയറുടെ കത്ത് പ്രകാരം തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയായിരുന്ന ബഷീറിനെ സസ്പെന്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നാണ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത മേല്പ്പാലനിര്മ്മാണോദ്ഘാടനച്ചടങ്ങ് നടന്നത്. ഈ സമയം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഒരു കോടതീയലക്ഷ്യക്കേസിന്റെ നടപടികള്‍ക്കായി കൊച്ചിയിലായിരുന്നു സെക്രട്ടറി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ച മുന്‍ മേയര്‍മാരായ ഐ.പി പോള്‍, രാജന് പല്ലന് എന്നിവരെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. സെക്രട്ടറിയും ചടങ്ങ് ബഹിഷ്കരിച്ചതാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. മന്ത്രി പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാത്തതിനാല്‍ സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേയര്‍ മന്ത്രിയ്ക്ക് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സെക്രട്ടറിയെ സസ്പെന്റ് ചെയ്യാനാവില്ലെന്ന് മന്ത്രി നിലപാടെടുത്തതോടെ മൂന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്കെതിരെ രാഷ്ട്രീയാരോപണങ്ങള്‍ എഴുതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് സെപ്റ്റംബര്‍ 3ന് സെക്രട്ടറിയെ സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്യാനുള്ള തീരുമാനത്തിന്റെ സാധുത ചോദ്യം ചെയ്ത ട്രൈബ്യൂണല്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല സസ്പെന്ഷന് നടപ്പിലാക്കിയതെന്ന് നിരീക്ഷിച്ചു. സസ്പെന്ഷന് ആധാരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയുണ്ടാകണമായിരുന്നുവെന്ന് ജസ്റ്റിസ് ടി.ആര് രാമചന്ദ്രന് നായരുടെ ഉത്തരവില്‍ പറയുന്നു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകളില്‍ രണ്ട് തവണ ട്രൈബ്യൂണല്‍ വിശദീകരണം തേടിയെങ്കിലും മേയര്‍ കത്ത് നല്കിയതിനാല് സസ്പെന്റ് ചെയ്തെന്ന് മാത്രമാണ് വിശദീകരണം നല്‍കിയത്. തദ്ദേശസ്വയംഭരണനിയമം അനുസരിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യണമെങ്കില്‍ കൗണ്‍സിലിന്റെ അനുമതി തേടണം. സെക്രട്ടറിക്കെതിരായ പരാതി കൗണ്‍സിലില്‍ വെയ്ക്കുകയായിരുന്നു മേയര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. ആ കൗണ്‍സില്‍ തീരുമാനം അനുസരിച്ച് മാത്രമേ മേയര്‍ക്ക് സര്‍ക്കാരിന് കത്ത് നല്കാന് കഴിയൂ. എന്നാല്‍ ആ നിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടതായി ട്രൈബ്യൂണല്‍ കണ്ടെത്തി. ഈ മാസം 31ന് വിരമിക്കാനിരിക്കെ അദ്ദേഹത്തെ പഴയ ഓഫീസില്‍ നിയമിക്കണമെന്ന പരാതിക്കാരന്റെ വാദത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്കി. 2013 മെയിലാണ് കെ.എം ബഷീര്‍ കോര്പ്പറേഷന് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: