പള്ളിപ്പുറം: യുവമോര്‍ച്ചയുടെ പ്രക്ഷോഭം ഫലം കണ്ടു, വൈക്കം തവണക്കടവ് ഫെറിയിലെ ഇരു ജെട്ടികളിലും താങ്ങുകുറ്റികള് സ്ഥാപിച്ചു. ഇതോടെ ബോട്ടടുപ്പിക്കുവാന് ഉണ്ടായിരുന്ന ബുദ്ധമുട്ടിന് പരിഹാരമായി.
ഇരുജെട്ടികളിലുമായി 11 ചാങ്ങുകുറ്റികളാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ടെന്‍ഡര്‍ പ്രകാരം ഓരോ കുറ്റി സ്ഥാപിക്കുന്നതിനും 4,700 രൂപയാണ് ചെലവ്. മൂത്ത തെങ്ങിന്റെ ചുവട്ഭാഗം തലകീഴായി ജെട്ടിയോട് അടുപ്പിച്ച് കുഴിച്ചിടുകയാണ് ചെയ്യുന്നത്.
ഇനി പരിഹരിക്കേണ്ടത് ജെട്ടിയിലെ കാത്തുനില്പുപുരയുടെ ശോച്യാവസ്ഥയാണ്. മേല്‍ക്കൂര താങ്ങി നിര്‍ത്തിയിട്ടുള്ള ഇരുമ്പുകമ്പികള്‍ ഉറപ്പിച്ചിട്ടുള്ള ചെറിയ കോണ്‍ക്രീറ്റ് തൂണ് ഇളകി നില്‍ക്കുകയാണ്. കൂടാതെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കീറിയും ചുളുങ്ങിയും മോശമായിട്ടുമുണ്ട്. ഇവക്കും പരിഹാരം കാണമെന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ ആവശ്യം. മൂന്ന് ബോട്ടുകള്‍ സര്വ്വീസിനില്ലാതെ വരുന്നതും പലപ്പോഴും ബുദ്ധിമുട്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ രണ്ട് ബോട്ട് മാത്രമാണ് സര്‍വ്വീസിനുള്ളത്.
എന്നാല്‍ ഇതേഫെറിയില് രണ്ട് ജങ്കാറുകള്‍ സര്‍വ്വീസ് നടത്തുന്നതിനാലാണ് യാത്രക്കാര്‍ ബുദ്ധിമുട്ടാത്തത്. വൈക്കത്തഷ്ടമിക്ക് കൊടിയേറിയതിനാല് ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ യാത്രാതിരക്ക് വര്‍ദ്ധിക്കും. അതിനാല്‍ സ്പെഷ്യല്‍ ബോട്ട് സര്‍വ്വീസ് ഓടിക്കാന്‍ തുടങ്ങുന്നതുവരെ മൂന്ന് ബോട്ടുകളും സര്വ്വീസിനുണ്ടാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: