ബറോഡയില്‍ വച്ചാണ് നിവേദിത അരവിന്ദഘോഷിനെ ആദ്യമായി കാണുന്നത്. അക്കാലത്ത് അദ്ദേഹം അദ്ധ്യാപകവൃത്തിയില്‍ വ്യാപൃതനായിരുന്നു. നിവേദിതയും അരവിന്ദനും അപരിചിതരായിരുന്നില്ല. അരവിന്ദനെ സംബന്ധിച്ച് നിവേദിത ‘കാളി ദ മദര്‍’ എന്ന കൃതിയുടെ കര്‍ത്താവായിരുന്നു. ‘ഇന്ദുപ്രകാശ്’ എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനങ്ങളിലൂടെയാണ് അരവിന്ദനെക്കുറിച്ച് നിവേദിത അറിയാനിടയായത്.
ഭാരതസ്വാതന്ത്ര്യത്തിനായുള്ള സമരാഭിമുഖ്യമാണ് അരവിന്ദനെയും നിവേദിതയെയും സൗഹൃദത്തിലാക്കിയത്. ആദ്യദര്‍ശനത്തില്‍തന്നെ അരവിന്ദനോട് നിവേദിത പറഞ്ഞു: ‘താങ്കളുടെ ജന്മഭൂമിയായ ബംഗാളിന് താങ്കളെ ആവശ്യമായിരിക്കുന്നു’ അരവിന്ദന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘സമയമായില്ല. ഞാന്‍ പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍.’
നിവേദിത 1903-ാംമാണ്ടു മുതല്‍ വിപ്ലവസംഘടനകളുമായി ബന്ധപ്പെടുവാന്‍ തുടങ്ങി. ബംഗാളില്‍ കേന്ദ്രീകരിച്ചിരുന്ന വിപ്ലവസംഘത്തിലെ ഏറ്റവും ഉത്സാഹശാലിയായ യുവാവ് ബരീന്ദ്രഘോഷ് ആയിരുന്നു. ബറോഡയിലായിരുന്ന ബരീന്ദ്രനെ സഹോദരനായ അരവിന്ദഘോഷ് തന്നെയാണ് ബംഗാളിലേക്ക് അയച്ചത്. പ്രഥമദര്‍ശനത്തില്‍ തന്നെ ബരീന്ദ്രന്‍ നിവേദിതയോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു ജുവാന്‍ ഓഫ് ആര്‍ക്ക് ആണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് വഴികാട്ടൂ. ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും. നിങ്ങള്‍ ഞങ്ങളെ ഏതുവഴിക്ക്, ഏതുകൊടിയുടെ താഴെ നയിക്കുന്നു എന്നുപോലും അറിയാതെ വരും.’
ബരീന്ദ്രന്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കുവേണ്ട ഉദ്ബോധനങ്ങള്‍ നല്കി വന്നു. നിവേദിത ഈ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും സുരേന്ദ്രനാഥ ടഗോറും സരോജഘോഷാലുംകൂടി കൊല്‍ക്കത്തയ്ക്ക് സമീപം ബാലിഗഞ്ചില്‍ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി. തുടര്‍ന്ന് ഈ സമിതികളെപ്പോലെ ഭാരതീയ വിവേകാനന്ദ സമാജങ്ങള്‍ ഭാരതമെമ്പാടും ഉണ്ടാകണമെന്ന് നിവേദിത ആഗ്രഹിച്ചു.
സതീശ് ചന്ദ്രമുഖര്ജിക്ക് ‘ദി ഡോണ്‍’ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നതിന് നിശ്ശബ്ദ സഹായം നല്‍കിയത് നിവേദിതയായിരുന്നു. ‘ഡോണ്‍’ സൊസൈറ്റിയില്‍ നിവേദിത ദേശീയതയെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. അക്കാലത്തൊരിക്കല്‍ നിവേദിത മേദിനിപ്പൂരില്‍ പ്രസംഗിക്കാന്‍ പോയി. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ അവര്‍ പതിമൂന്ന് പ്രസംഗങ്ങള്‍ ചെയ്തു. അവിടെത്തന്നെ ഒരിടത്ത് നിവേദിത എത്തിച്ചേര്‍ന്നപ്പോള്‍ യുവാക്കള്‍ ഒന്നടങ്കം ‘ഹിപ് ഹിപ് ഹുറേ’ എന്ന് ആര്‍ത്തുവിളിച്ചാണ് അവരെ എതിരേറ്റത്. അതുകേട്ട് നിവേദിത ക്ഷുഭിതയായി പറഞ്ഞു: ‘നിങ്ങളുടെയോക്കെ മാതാപിതാക്കള്‍ വെള്ളക്കാരാണോ? വൈദേശികമായ ഇത്തരം ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? ഇനി ഞാന്‍ പറയുന്നത് നിങ്ങള്‍ ഏറ്റുവിളിക്കുക…… സദ്ഗുരു ജയിക്കട്ടെ…. സര്വശക്തന് വിജയിക്കട്ടെ! നിവേദിത ആഹ്വാനം ചെയ്തതുപോലെ യുവജനങ്ങള്‍ ഒന്നടങ്കം അതേറ്റു ചൊല്ലി.
നിവേദിത ഒരിക്കല്‍ ഏതാനും പെണ്‍കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു. ‘ഈ രാജ്യത്തിന്റെ റാണി ആരാണ്?’ ‘വിക്ടോറിയ’ എന്നായിരുന്നു കുട്ടികളുടെ മറുപടി. അവരെ തിരുത്തിക്കൊണ്ട് നിവേദിത പറഞ്ഞു. ‘അല്ല, അല്ല, അല്ലേയല്ല. നമ്മുടെ രാജ്യത്തിന്റെ റാണി സീതയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് ഈ സീതാദേവി. ആ സീതാദേവിയാണ് നമ്മുടെ റാണി.’
അടിമഭാരതത്തിന് ആയുധം എടുത്ത് യുദ്ധം ചെയ്യാന്‍ കഴിവുണ്ടായിരുന്നില്ല. സ്വാതന്ത്ര്യലാഭത്തിനായി ചെറുപ്പക്കാരായ പലരും സംഘങ്ങളായി ചേര്‍ന്ന് രഹസ്യമായി ആയുധങ്ങള്‍ ശേഖരിച്ചിരുന്നു. വിപ്ലവപ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഘോഷിന്റെ സേവനം നിവേദിത പ്രതീക്ഷിച്ചു. ആരാധ്യനായ അദ്ധ്യാപകനെന്ന ഔന്നത്യത്തോടൊപ്പം ഉന്നതശീര്‍ഷനായ എഴുത്തുകാരനെന്ന മഹത്വവും ഇതിനകം അരവിന്ദനെ തേടിയെത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളെയും അവരുടെ നയവൈകല്യങ്ങളെയും എതിര്‍ക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിനുള്ളിലെ മിതവാദികളുടെ ‘പ്രാര്‍ത്ഥന, പരാതി, പ്രമേയം’ എന്ന നയത്തെയും ഒരേസമയം ലേഖനങ്ങളിലൂടെ അരവിന്ദന് അതിശക്തമായി വിമര്‍ശിച്ചിരുന്നു. അയര്‍ലണ്ടിലെയും ഫ്രാന്‍സിലെയും ഉദാഹരണങ്ങള്‍ എടുത്തുകാട്ടി അരവിന്ദന് എഴുതി. ‘തീയിലും ചോരയിലും കൂടിയാണ് സ്വാതന്ത്ര്യം നേടാനുള്ളത്! ഭാരതീയരെ വിശിഷ്യ യുവജനതയെ ആവേശഭരിതമാക്കിയ അരവിന്ദന്റെ ലേഖനങ്ങള്‍ അദ്ദേഹത്തെ ദേശീയതയുടെ പ്രവാചകനും വിപ്ലവത്തിന്റെ സേനാപതിയുമാക്കി മാറ്റി.
യുവഭാരതത്തെ ആവേശഭരിതമാക്കിയ വിപ്ലവചിന്താഗതിയുടെ നായകന് അരവിന്ദനാണെന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അദ്ദേഹത്തെ ഇല്ലാതാക്കി സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ വേരോടെ പിഴുതെറിയാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു.
ബംഗാള്‍ വിഭജിക്കപ്പെട്ട കാലത്താണ് അരവിന്ദഘോഷിന്റെ കൊല്‍ക്കത്തയിലേക്കുള്ള പുനരാഗമനം. ധിഷണാശാലിയായ അരവിന്ദന് അധികം വൈകാതെ നേതൃത്വപദവിയിലെത്തി. ദേശീയ നവോത്ഥാന പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്ന, വ്യക്തിയും സമൂഹവും സംഗമിക്കുന്ന ഒരു കാലഘട്ടം ബംഗാളിലൂടെ ഭാരതത്തിലെമ്പാടും ഉരുത്തിരിഞ്ഞു വരികയായിരുന്നു. വിപ്ലവസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് അരവിന്ദന് അഞ്ചംഗസമിതിയെ നിയോഗിച്ചു. ഈ സമിതിയിലെ ഒരംഗം നിവേദിതയായിരുന്നു.
വിവേകാനന്ദ സ്വാമികളുടെ സഹോദരന് ഭൂപേന്ദ്രനാഥദത്തനും അരവിന്ദഘോഷിന്റെ സഹോദരന് ബരീന്ദ്രഘോഷും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘യുഗാന്തര്‍.’ ‘ന്യൂ ഇന്ത്യ’ കൂടാതെ ബിപിന്‍ചന്ദ്രപാല്‍ പത്രാധിപരായിരുന്ന അരവിന്ദന്റെ ‘വന്ദേമാതര’ത്തിലും നിവേദിത തുടരെ തുടരെ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. വിദേശഭരണത്തെ എങ്ങനെ നേരിടണം എന്ന ചോദ്യത്തിന് നിവേദിത എഴുതി: ‘അവര്‍ നിങ്ങളുടെ സ്ഥാനത്താണെങ്കില്‍ എങ്ങനെ സമരം ചെയ്യുമോ അതുപോലെ സമരം ചെയ്യുക.’ അങ്ങനെയെങ്കില്‍ അതിന്റെ ഭവിഷ്യത്തിനെപ്പറ്റിയും നിവേദിത ഇപ്രകാരം കുറിച്ചു: ‘നമ്മുടെ ത്യാഗത്തിന്റെ ഫലം നാം അനുഭവിക്കും. ഫലം നമ്മുടെ പ്രശ്നമല്ല. നമുക്ക് ഭയരഹിതരായിരിക്കാം. നാം ചൊരിയുന്ന രക്തം ഭീരുവാണെന്ന ആരോപണത്തെ കഴുകിക്കളയയും.’ ലേഖനങ്ങളിലൂടെയുള്ള നിവേദിതയുടെ ആഹ്വാനവും താക്കീതും ഭാരതീയരെ ഉണര്‍ത്തി ചിന്തിപ്പിക്കുന്നതായിരുന്നു. അവര്‍ എഴുതി: ‘അക്രമരഹിത സമരംകൊണ്ട് ജയിക്കുകയാണ് ആര്‍ഷഭാരത പാരമ്പര്യം. അതു നല്ലതുതന്നെ. എന്നാല്‍ നിങ്ങള്‍ ഋഷിമാരെപ്പോലെ സംസാരിക്കുകയും ഭീരുക്കളായി ജീവിച്ച് സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.’ നിവേദിത താന്‍ ചെയ്ത പ്രഭാഷണങ്ങളെ മൂന്നു രാപ്പകലുകള്കൊണ്ട് സംഗ്രഹിച്ച് തയ്യാറാക്കിയ പുസ്തകമാണ് ‘പൊരുതുന്ന ഹിന്ദുമതം’.
ബ്രിട്ടീഷ് ഭരണകൂടം വിപ്ലവപ്രസ്ഥാനത്തെ ഒറ്റയടിക്ക് തകര്‍ക്കാനുള്ള അവസരമായിട്ടാണ് ആലിപ്പൂര്‍ ഗൂഢാലോചനക്കേസ് കണ്ടത്. ബരീന്ദ്രഘോഷിന്റെ മണിക്തോലയിലെ ഉദ്യാന ഗൃഹത്തില്‍ വച്ചാണ് (1908 മെയ് മാസത്തില്‍) ആലിപ്പൂര്‍ ഗൂഢാലോചന പിടിക്കപ്പെട്ടത്. തുടര്‍ന്ന് ‘യുഗാന്തര്‍’ തുടങ്ങിയ രഹസ്യസംഘടനകള്‍ മുഖേന നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെല്ലാം കണ്ടുപിടിക്കപ്പെട്ടു. ഈ കേസില്‍ ഒരുതരത്തിലും ബന്ധമില്ലാതിരുന്നിട്ടും കേസില്‍ കുടുക്കി 131 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന അരബിന്ദോഘോഷിനെ ദേശബന്ധു സി.ആര്. ദാസിന്റെ വിദഗ്ദ്ധമായ ഇടപെടല്‍ മൂലം ജയില്‍ മോചിതനാക്കി.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കുന്നുവെന്ന് സംശയിച്ച് ബേലൂര്‍ മഠം പോലും പോലീസ് നിരീക്ഷണത്തിലായി. എല്ലാ സന്യാസിമാരും ഭരണകൂടത്താല്‍ സംശയിക്കപ്പെട്ടവരായി. അതേസമയം, സന്യാസവേഷത്തില്‍ സ്വയം സംരക്ഷിക്കുന്നതിന് ആവശ്യമായ പിന്തുണ വിപ്ലവപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടവര്‍ക്ക് ജനങ്ങള്‍ നല്കിയിരുന്നുവെന്നതും പ്രസ്താവ്യമാണ്. ഈ സന്ദര്‍ഭത്തില്‍ നിവേദിതയ്ക്ക് ബേലൂര്‍ മഠവുമായി ഒരു ബന്ധവുമില്ലെന്ന ഒരു പ്രസ്താവന ദിനപത്രങ്ങളില്‍ ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി.
ജയില്‍ ജീവിതത്തിനിടയില്‍ അരവിന്ദ ഘോഷിനുണ്ടായ ആത്മീയ പ്രചോദനം മൂലം അപ്രതിരോധ്യമായ ഒരു ശക്തിവിശേഷം ഉള്‍ക്കൊണ്ട് അദ്ദേഹം പൂര്‍ണമായും മാറിക്കഴിഞ്ഞിരുന്നുവെന്ന് നിവേദിത മനസ്സിലാക്കി. ആന്തരികാഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് അരവിന്ദ ഘോഷ് ഒരു ദിവസം ‘കര്‍മയോഗി’യുടെ പത്രാധിപത്യം നിവേദിതയില്‍ ഏല്‍പ്പിച്ച് ബംഗാളില്‍ നിന്ന് അപ്രത്യക്ഷനായി. ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ഉപദേശാമൃതത്തിന്റെ യുക്തിസഹമായ ആവിഷ്കാരമായി നിവേദിത അരവിന്ദനെ കണ്ടു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന് താന്മൂലം സംഭവിച്ചേക്കാവുന്ന തളര്‍ച്ചയെപ്പറ്റി നിവേദിത ബോധവതിയായി. അതുകൊണ്ടാണ് അവര്‍ ‘കര്‍മയോഗി’യുടെ പത്രാധിപത്യം ഏറ്റെടുത്തത്. താമസിയാതെ കര്മയോഗിയില് (1910 മാര്‍ച്ച് 12) നിവേദിത തന്റെ ആശയാദര്‍ശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് എഴുതി: വര്‍ത്തമാനകാല ഭാരതം ഭൂതകാലത്തില്‍ അഗാധമായി വേരോടിയിട്ടുള്ളതാണ്. അതിന് ഉജ്ജ്വലമായ ഒരു ഭാവിയുണ്ട്. ഭാരതമേ നീ ഒരു സന്തോഷമായോ, ദുഃഖമായോ, അഭിമാനമായോ എന്റെ അരികില്‍ വരൂ. എന്നെ നിന്റേതാക്കൂ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പരിത്യജിക്കുന്നതിനുള്ള നിവേദിതയുടെ അഭിലാഷം പ്രകടമാക്കുന്ന വിടവാങ്ങല്‍ പ്രസ്താവനയായിരുന്നു അത്.
ജീവിതത്തില്‍ താന്‍ കടന്നുപോയ പന്ഥാവിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തുവാന്‍ നിവേദിതയ്ക്ക് അവസരം ഉണ്ടായപ്പോള്‍ തനിക്ക് സ്വഗുരുവിന്റെ പാദങ്ങളെ പിന്തുടരുവാനുള്ള സമയമായി എന്നവര്‍ക്ക് മനസ്സിലായി. വികസ്വരമായിക്കൊണ്ടിരുന്ന വ്യക്തിത്വത്തില്‍ ഗുരുപ്രഭാവത്തിന്റെ പ്രതിഫലനം മാത്രം. ആനന്ദസാഗരത്തിലാറാടി പ്രശാന്തി നുകരാനായി അവര്‍ തയ്യാറെടുത്തു.
പരമ്പര അവസാനിച്ചു. ബുദ്ധബുക്സിന്റെ ‘ഭഗിനി നിവേദിത: സമര്‍പ്പണവും സാക്ഷാത്കാരവും’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: