ചേര്‍ത്തല: ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി ജീവിക്കാന്‍ കൊതിച്ച വയലാര്‍ വിടവാങ്ങിയിട്ട് 41 വര്‍ഷമായി. കവിയുടെ ഓര്‍മയ്ക്കായി കൊട്ടിഘോഷിച്ച് തുടങ്ങിയ സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണം അദ്ദേഹത്തിന്റെ വരികള്‍ പോലെ പണിതിട്ടും പണിതിട്ടും പണിതീരാത്ത നിലയില്‍.
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച കവിയുടെ ഓര്‍മകള്‍ തേടിയെത്തുന്നവര്‍ക്ക് വേദനയാകുകയാണ് രാഘവപ്പറമ്പ് കോവിലകത്തെ സ്മാരകം. കവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ജന്മഗൃഹത്തോടു ചേര്‍ന്ന് സാംസ്കാരിക കേന്ദ്രം ഒരുക്കുകകയെന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രകളഭം എന്ന് പേരിട്ട സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണം തുടങ്ങിയത്.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വയലാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കെട്ടിടം പണികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും സ്വരമണ്ഡപം, ലൈബ്രറി തുടങ്ങിയവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒരു കോടി പത്ത് ലക്ഷത്തോളം രൂപ ഇതിനകം നിര്‍മാണത്തിനായി ചെലവഴിച്ചു. സ്മാരകത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയും ലക്ഷങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വയലാര്‍ രാമവര്‍മ ട്രസ്റ്റിനാണ് നിര്‍മാണ ചുമതല. വയലാറിന്റെ കുടുംബാംഗങ്ങള്‍ക്കോ പ്രദേശവാസികള്‍ക്കോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം നല്‍കാത്തതിലും കൂടിയാലോചനകളും മറ്റുമില്ലാതെ ഏകപക്ഷീയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇരുനിലകളിലായി പൂര്‍ത്തിയായ കെട്ടിടത്തില്‍ സ്വരമണ്ഡപം, ലൈബ്രറി, മ്യൂസിയം, കമ്മ്യൂണിറ്റി ഹാള്‍, വിശ്രമമുറി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ദ്രധനുസെന്ന പേരിലുള്ള ലൈബ്രറിയുടെ പണി തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല.
1977 മുതല്‍ വയലാര്‍ അവാര്‍ഡ് നേടിയവരുടെ ഛായാചിത്രം മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച നിലയിലാണ്. അവാര്‍ഡ് ജേതാക്കളുടെ ഛായാചിത്രത്തിനോടൊപ്പം അവാര്‍ഡ് ദാനത്തിന്റെ ഫോട്ടോയും, സമ്പൂര്‍ണ കൃതികളും സൂക്ഷിക്കാനായിരുന്നു പദ്ധതി. മ്യൂസിയത്തിന് സമീപമായി ഗന്ധര്‍വഗീതം എന്ന പേരില്‍ സ്വരമണ്ഡപവും സജ്ജീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. വയലാറിന്റെ എല്ലാ കൃതികളും അവയുടെ റിക്കോര്‍ഡുകളുമാണ് ഇവിടെയുണ്ടാവുക. ഇഷ്ടമുള്ള കവിതകളും ഗാനങ്ങളും ശ്രവിക്കുവാനുള്ള അവസരവും ഉണ്ടാവും. അത്യാധുനിക സൗകര്യങ്ങളോടെ 800 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളും ഇതോടൊപ്പം ഉണ്ട്. എന്നാല്‍ ഹാളിന്റെ ജനല്കമ്പികളടക്കം തുരുമ്പിച്ച നിലയിലാണ്. യഥാസമയം അറ്റകുറ്റതപ്പണികള് നടത്താതെ കെട്ടിടം ജീര്‍ണാവസ്ഥയിലായിട്ടും മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ഭാരവാഹികള്‍ തിരിഞ്ഞു നോക്കാറില്ലെന്നും പരാതിയുണ്ട്.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭാവിയില്‍ വയലാര്‍ അവാര്‍ഡ്ദാന സമ്മേളനവും അനുസ്മരണവും ഇവിടെ നടത്താനാണ് പദ്ധതി. 2008 ല്‍ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബിയാണ് സ്മൃതിമണ്ഡപത്തിന് ശിലയിട്ടത്. കവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കാന്‍ ഇന്ന് ആയിരങ്ങള്‍ രാഘവപ്പറമ്പില്‍ ഒത്തു ചേരും. കവിയുടെ ഗാനങ്ങള്‍ പാടിയും, സ്വന്തം കവിതകള്‍ അവതരിപ്പിച്ചും കാവ്യാഞ്ജലി അര്‍പ്പിക്കും. പത്നി ഭാരതിതമ്പുരാട്ടിയും, മക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, സിന്ധു, യമുന എന്നിവരും കുടുംബാംഗങ്ങളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: