കോഴിക്കോട്: കോഴിക്കോട് കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ വ്യാപക അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നതായി ആക്ഷേപമുയരുന്നു. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തി വിതരണത്തിന്റെ കുത്തക കര്‍ഷകനില്‍ തന്നെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച കമ്പനി വന്‍ പ്രതിസന്ധിയിലാണെന്നും ആക്ഷേപമുണ്ട്. പ്രഖ്യാപിത മൂലധനം നാലു കോടി രൂപയായി 2014ല്‍ ജനുവരിയില്‍ ഇന്‍ കോര്‍പ്പറേറ്റ് ചെയ്യപ്പെട്ട കമ്പനിയില്‍ ഇപ്പോള്‍ അടച്ചുതീര്‍ത്ത മൂലധനം ഒരു കോടി 60 ലക്ഷം രൂപയാണ്. കോഴിക്കോട് ബ്ലോക്ക്, കുന്ദമംഗലം, ചേളന്നൂര്‍, കുരുവട്ടൂര്‍, ക്രസന്റ് കട്ടാങ്ങല്‍, സുരക്ഷ ഓമശ്ശേരി, അഗ്രിമ കാക്കൂര്‍, തലക്കുളത്തൂര്‍, ചീക്കിലോട്, കോരപ്പുഴ, പട്ടര്‍പാലം എന്നീ ഫെഡറേഷനുകളിലെ കര്‍ഷകരാണ് കമ്പനിയിലെ ഓഹരിഉടമകള്‍. കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന് കമ്പനി അക്കൗണ്ടില്‍ വന്‍തിരിമറി നടത്തിയതായി ഷെയര്‍ ഹോള്‍ഡേഴ്‌സ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ശ്രീനിവാസന്‍ നായര്‍, എന്‍.വി. ബാലന്‍, പുരുഷോത്തമന്‍, മോഹനന്‍, മുഹമ്മദ്, ബിജുരാജ്, കുഞ്ഞികൃഷ്ണപിള്ള എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
















